സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം

സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണത്തില്‍ പൊതുജനം അനാവശ്യ യാത്രകള്‍ ഒഴിവാക്കി.നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇന്നലെ നിയന്ത്രണം ലംഘിച്ചതിന് 452 പേര്‍ക്കെതിരെ കേസെടുത്തു. 229 പേരാണ് അറസ്റ്റിലായത്. 115 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5000 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിര്‍ത്തി മേഖലയിലടക്കം കര്‍ശന പരിശോധനകളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. പലവ്യഞ്ജനം, പഴം, പച്ചക്കറി, പാലും പാലുല്പന്നങ്ങളും വില്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍ എന്നിവ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിച്ചു. റസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്സലുകള്‍ മാത്രമേ അനുവദിച്ചുള്ളു. ഡെലിവറി സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസമുണ്ടായില്ല.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ പൊലീസ് പ്രത്യേകം നിരീക്ഷണം നടത്തിയിരുന്നു. പ്രധാന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസ് നടത്തി. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കും റയില്‍വേ സ്റ്റേഷനുകളില്‍ നിന്നുമുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് സാധാരണക്കാര്‍ക്ക് ആശ്വാസമായി. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് തടസമുണ്ടായില്ല. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്പനശാലകളും ബാറുകളും അടഞ്ഞുകിടന്നു.