‘വിചാരണ നീട്ടരുത്, തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനം’; ദിലീപ് സുപ്രീംകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. സംസ്ഥാന സര്‍ക്കാര്‍ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുംവരെ കാക്കാനാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നതില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ ഒന്‍പതിന് ആംരംഭിച്ച ചോദ്യംചെയ്യല്‍ ആറാം മണിക്കൂറിലേക്ക് കടന്നു. ദിലീപിന്റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ചോദ്യങ്ങള്‍ക്ക് ദിലീപ് നിഷേധാത്മക മറുപടികള്‍ നല്‍കുകയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുഢാലോചനയെന്ന ആരോപണം തെറ്റാണ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്റെ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.