എസ്.എൻ.ഡി.പി യോഗം സി.പി.എം അനുകൂലികൾ പിടിക്കുമോ ?

രു കാലത്ത് സംസ്ഥാന സര്‍ക്കാറുകളെ നിയന്ത്രിച്ച ചരിത്രമുള്ള സാമുദായിക സംഘടനയാണ് എസ്.എന്‍.ഡി.പി യോഗം. വ്യക്തമായി പറഞ്ഞാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തു വരെ ഭരണത്തില്‍ ശക്തമായ സ്വാധീനം എസ്.എന്‍.ഡി.പി യോഗത്തിനുണ്ടായിരുന്നു. എന്‍.എസ്.എസിന്റെ സ്വാധീനവും ഇക്കാലയളവില്‍ പ്രകടമായിരുന്നു. ഈ രണ്ടു സാമുദായിക സംഘടനകളും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് മാളത്തില്‍ ഒളിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വിറപ്പിച്ചു നിരത്തിയ ഈ ‘പുലികള്‍’, പിണറായിക്കു മുന്നില്‍ ‘എലികള്‍’ ആയ കാഴ്ചയാണ് പിന്നീട് രാഷ്ട്രിയ കേരളം കണ്ടിരുന്നത്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി എസ്.എന്‍.ഡി.പി യോഗത്തെ നയിച്ചു കൊണ്ടിരിക്കുന്നത് ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടശേനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇപ്പോഴും ഈ സംഘടനയുടെ അമരത്തു തന്നെയാണുള്ളത്. വെള്ളാപ്പള്ളിയുടെ പിന്‍ഗാമിയായി തുഷാര്‍ വെള്ളാപ്പള്ളിയെ അവരോധിക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ തീരുമാനം. ഈ നിലപാടിനെതിരെ സംഘടനയില്‍ പ്രതിഷേധം പുകഞ്ഞു കൊണ്ടിരിക്കെയാണ് ഇടിത്തീ പോലെ ഹൈക്കോടതിയില്‍ നിന്നും ഉത്തരവുണ്ടായിരിക്കുന്നത്. വെള്ളാപ്പള്ളി നയിക്കുന്ന ഭരണ സമിതിക്കെതിരെയാണ് വിധി.

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശമാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ മുഴുവന്‍ സ്ഥിരാംഗങ്ങള്‍ക്കും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ വോട്ടുചെയ്യാന്‍ കഴിയും. എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവും വന്നിരിക്കുന്നത്. നിലവില്‍ ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാളെന്ന നിലയ്ക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഒരു ശാഖയില്‍ 600 പേരുണ്ടെങ്കില്‍ മൂന്നു പേര്‍ക്ക് വോട്ടവകാശം കിട്ടും. നിലവില്‍ പതിനായിരത്തോളം പേര്‍ക്കാണ് ഇത്തരത്തില്‍ പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

1974- ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യ വോട്ടവകാശം നിശ്ചയിച്ചിരുന്നത്. നൂറുപേര്‍ക്ക് ഒരാള്‍ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളില്‍ ഇതുണ്ടായിരുന്നത്. എന്നാല്‍ 99 ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറില്‍ ഒരാള്‍ക്കാക്കി മാറ്റുകയാണുണ്ടായത്. ഇത്തരത്തില്‍ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമില്ല എന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി തന്നെ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 99- ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ എസ്എന്‍ഡിപി യോഗത്തിലെ സ്ഥിരാംഗങ്ങളായ മുപ്പതുലക്ഷത്തോളം പേര്‍ക്കാണ് ഇനിമുതല്‍ വോട്ടവകാശം ലഭിക്കുവാന്‍ പോകുന്നത്.

അതേസമയം കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍പുതിയ വോട്ടര്‍പട്ടികയുണ്ടാക്കി ഉടന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടായാല്‍ തിരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്‌ക്കേണ്ടി വന്നേക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കാന്‍ വെളളാപ്പളളി നടേശനും തീരുമാനിച്ചിട്ടുണ്ട്. ഈ കേസില്‍ കക്ഷി ചേരാന്‍ വെള്ളാപ്പള്ളി വിരുദ്ധര്‍ കൂടി വരുന്നതോടെ പോരാട്ടം സുപ്രീംകോടതി വരെ നീളാനുള്ള സാധ്യതയും ഏറെയാണ്.

25 വര്‍ഷമായി താന്‍ തുടരുന്നത് പ്രാതിനിധ്യ വോട്ടുരീതിയാണെന്നും തുടര്‍ന്നും അതു തന്നെ വേണമെന്നതുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എന്നാല്‍ വെള്ളാപ്പള്ളി വിരുദ്ധരായ ബിജു രമേശും വിദ്യാസാഗറും ഹൈക്കോടതി വിധിയെ പൂര്‍ണ്ണമായും സ്വാഗതം ചെയ്താണ് രംഗത്തു വന്നിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ ഭരണം നിലനിര്‍ത്തിയത് ഗുണ്ടായിസത്തിലൂടെയാണെന്നതാണ് ഇരുവരുടെയും ആരോപണം.

‘എസ്എന്‍ഡിപിയുടെ ജനാധിപത്യത്തെ വെള്ളാപ്പള്ളിയും സംഘവും മുച്ചൂടും തകര്‍ത്തെന്നും ” ഇതിന്റെ ഫലമായുണ്ടായ വിധിയാണിതെന്നുമാണ് വിദ്യാസാഗര്‍ തുറന്നടിച്ചിരിക്കുന്നത്.

ഹൈക്കോടതി വിധി വന്നതോടെ വെള്ളാപ്പള്ളിയും സംഘവും ആകെ വെട്ടിലായ അവസ്ഥയിലാണുള്ളത്. ഭരണം കൈവിട്ടു പോകുമെന്ന ആശങ്കയിലാണ് ഈ വിഭാഗം. വെള്ളാപ്പള്ളിയുടെ അപ്പീലിലും അനുകൂല നിലപാട് കോടതി സ്വീകരിച്ചില്ലങ്കില്‍ അത്… എസ്.എന്‍.ഡി.പി യോഗത്തിലെ പുതുയുഗ പിറവിക്കാണ് വഴിയൊരുക്കുക. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.