ലോകയുക്ത ഭേദഗതി നീക്കം; നിര്‍ണായകമാവുക ഗവര്‍ണറുടെ തീരുമാനം

തിരുവനന്തപുരം: ലോകായുക്തയുടെ വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകം.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്ത സംവിധാനത്തെൂതന്നെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് വിമര്‍ശനം. സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് തന്നെ വലിയ വിവാദത്തിനാണ് വഴിവച്ചത്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് അടിയന്തരമായി അംഗീകാരം നല്‍കേണ്ടെന്ന നിലപാടായിരിക്കും ഗവര്‍ണര്‍ സ്വീകരിക്കുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിഷയത്തില്‍ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അഴിമതി, സ്വജന പക്ഷപാതം തുടങ്ങി പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ ആരോപണങ്ങള്‍ പരിഗണിക്കുന്ന ലോകായുക്ത ഈ ആരോപണങ്ങളില്‍ കുറ്റം തെളിഞ്ഞാല്‍ ആരോപിതനായ പൊതുപ്രവര്‍ത്തകന്‍ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന വിധി നടപ്പാക്കേണ്ടിവരുന്നതാണ് നിലവിലെ രീതി. അഴിമതി ലോകായുക്തയില്‍ തെളിഞ്ഞാല്‍ അവര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാപിക്കാം. ഇതനുസരിച്ച് അവര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷമേ അപ്പീല്‍ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ.

ലോകായുക്തയുടെ ഈ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് എതിരെ ലോകായുക്തയ്ക്ക് മുന്നിലുള്ള പരാതിയില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

ഈ സാഹചര്യത്തില്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധിസംഘം സംഘം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെ ഇതിനായി പ്രതിപക്ഷ നേതാവ് അനുമതിതേടി. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിരുന്നു.