യുക്രൈന്‍-റഷ്യന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം, പടക്കപ്പലുമായി യുഎസ്

യുക്രൈന്‍-റഷ്യന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം. അതിര്‍ത്തിയില്‍ റഷ്യയുടെ വന്‍ സേനാവിന്യാസത്തിനു പിന്നാലെ യുഎസ് പടക്കപ്പല്‍ യുക്രൈന്‍ തീരത്തെത്തി. മിസൈല്‍വേധ മിസൈലുകളടക്കമുള്ള ആയുധങ്ങളുമായാണ് യുഎസ് പടക്കപ്പലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 8,500 സൈനികരെയും യുക്രൈന് സഹായവുമായി അമേരിക്ക അയച്ചിട്ടുണ്ട്.

അതേസമയം, യുഎസ് നീക്കത്തില്‍ റഷ്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യുക്രൈനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്നതാണ് യുഎസ് നീക്കമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് ദ്മിത്രി പെസ്‌കോവ് പ്രതികരിച്ചു. യുഎസ്-നാറ്റോ നടപടികളാണ് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്നതെന്നും റഷ്യ ആരോപിച്ചു.

യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാനായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ നടന്ന വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.

അമേരിക്കയ്ക്ക് പുറമെ നാറ്റോയും കിഴക്കന്‍ യൂറോപ്പിലേക്ക് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്ന് ഏതാനും ജീവനക്കാരെ തിരികെവിളിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പാണ് യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചത്.

യുക്രൈനെതിരായ സൈനിക നടപടിക്കുള്ള നീക്കമാണിതെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്. സൈനികനീക്കത്തിനൊന്നും ഇപ്പോള്‍ ആലോചനയില്ലെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നാറ്റോയും യുഎസും അംഗീകരിച്ചിട്ടില്ലെങ്കില്‍ ആ രീതിയിലേക്ക് നീങ്ങേണ്ടിവരുമെന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.