പച്ച മുസ്ലീമിന്റെ നിറമല്ല; ഏക സിവില്‍കോഡിനെ അനുകൂലിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പ്രതികരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ വിവാദത്തിന് ഭാഗമാവാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രതികരിച്ച ഗവര്‍ണര്‍ മുസ്ലീം ലീഗിനെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്യുന്നു.

കാവി തനിക്ക് കണ്ണിന് കുളിര്‍മയേകുന്ന നിറമാണെന്ന് പ്രതികരിച്ച ഗവര്‍ണര്‍ പച്ച മുസ്ലീമിന്റെ നിറമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പിന്നാലെയാണ് മുസ്ലീം ലീഗിനെയും അദ്ദേഹം വിമര്‍ശിക്കുന്നത്. മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുകയാണ് എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ഏകസിവില്‍ കോഡ് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. ഏക സിവില്‍കോഡ് നടപ്പായാല്‍ വിവാഹ നിയമങ്ങള്‍ എല്ലാ വിഭാഗത്തിനും ഏകീകരിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്ലീം വിവാഹങ്ങളില്‍ മെഹറാണ് പ്രധാനം. മുസ്ലീം വിവാഹങ്ങളില്‍ എത്രപേര്‍ കൃത്യമായി മെഹര്‍ കൊടുക്കുന്നുണ്ടെന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിക്കുന്നു. താന്‍ സംസാരിക്കുന്നത് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയാണ് എന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു.

ഹിജാബ് വിവാദത്തില്‍ നേരത്തെയും ഗവര്‍ണര്‍ നിലപാട് അറിയിച്ചിരുന്നു. ഹിജാബിനെ അനുകൂലിച്ച് ഉയരുന്ന വാദങ്ങളെ തള്ളിയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നത്. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നത് എന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവരെ കുഴിച്ച് മൂടിയിരുന്ന പഴയ അറേബിയന്‍ മനസാണ് ചിലര്‍ക്ക്. മുസ്ലീം പെണ്‍കുട്ടികള്‍ മുന്നോട്ട് വരരുത് എന്നാഗ്രഹിക്കുന്നവരാണ് ഹിജാബ് വാദത്തിന് പിന്നില്‍. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമര്‍ത്താനാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.