യുക്രൈനില്‍ ഷെല്ലാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു, അതിർത്തിയിൽ ജെറ്റുകൾ നിരത്തി റഷ്യ

യുക്രൈന്‍: യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന യുക്രൈനില്‍ വിഘടനവാദികളുടെ ആക്രമണം. അക്രമത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടയാതി യുക്രൈന്‍ സൈന്യം വ്യക്തമാക്കി. റഷ്യന്‍ പിന്തുണയോടെയാണ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതെന്ന് യുക്രൈന്‍ സേന ആരോപിച്ചു.

റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയിലാണ് വിമതര്‍ ആക്രമണം നടത്തിയിരിക്കുന്നത്. രണ്ട് വിഘടനവാദി മേഖലകളില്‍ക്കൂടി കടന്നു പോകുന്ന മേഖലയിലാണ് ആക്രമണമുണ്ടായത് എന്ന് കിഴക്കന്‍ യുക്രൈനിലെ സംയുക്ത സൈനിക കാന്‍ഡന്റ് വ്യക്തമാക്കി. ഷെല്ലാക്രമണമാണ് നടന്നതെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം,യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഫൈറ്റര്‍ ജെറ്റുകള്‍ നിരത്തി റഷ്യ. ഇത് സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നു. മാക്സാര്‍ പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രങ്ങളിലാണ് അഞ്ചിടങ്ങളിലായുള്ള റഷ്യയുടെ സൈനിക വിന്യാസം കണ്ടെത്തുന്നത്.

ബെലാറസ്, ക്രിമിയ, പശ്ചിമ റഷ്യ എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളിലാണ് റഷ്യ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള പടകോപ്പുകള്‍ നിരത്തിയിരിക്കുന്നത്.