കെപിഎസി ലളിതയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

തൃശൂര്‍: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓര്‍മ. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വടകഞ്ചേരി എങ്കക്കാട്ടെ ‘ഓര്‍മ്മ’യെന്ന വീടിനോട് ചേര്‍ന്ന് നടന്നു. തൃപ്പൂണിത്തുറയില്‍ മകന്റെ ഫ്‌ലാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛന്‍. രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോല്‍സവങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി.

ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്.

1970 ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകന്‍. അതിനു ശേഷം സിനിമയില്‍ സജീവമായി. 1978 ല്‍ ഭരതനെ വിവാഹം കഴിച്ചു.

ഭരതന്‍ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1975 (നീലപ്പൊന്മാന്‍), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.