യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചെന്ന് അറ്റോര്‍ണ്ണി ജനറല്‍ കോടതിയെ അറിയിച്ചു.

കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച കോടതി കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്താന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം 90ലെ കുവൈറ്റ് രക്ഷാദൗത്യം ഓര്‍മ്മിപ്പിച്ച് അനുഭവ പരിചയമുണ്ടെന്നും അവകാശപ്പെട്ടു

കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ യുക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാര്‍കീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ യുെ്രെകന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.

പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്. കിഴക്കന്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ചേര്‍ന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളില്‍ നിന്നടക്കമുള്ള വിവരം. വിദേശകാര്യമന്ത്രാലയം നേരത്തെ നല്‍കിയ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി ചൂണ്ടിക്കാട്ടുന്നു.