സൈനിക പരേഡിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ

സിയോള്‍: സൈനിക പരേഡിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഏറെ നാളായി പൊതുവേദികളിൽ കാണാനില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം കിം പൊതുവേദിയില്‍ എത്തിയത്. പരിപാടിയിലുടനീളം കിമ്മിനൊപ്പമുണ്ടായിരുന്ന മകളായിരിക്കും അടുത്ത അവകാശിയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതോടെ ശക്തമായിട്ടുണ്ട്. മിസൈല്‍ പരേഡ് നിരീക്ഷിക്കുകയും മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരോടൊപ്പം ഭക്ഷണം കഴിക്കുകയും അടക്കമുള്ള കാര്യങ്ങളില്‍ കിമ്മിനൊപ്പം മകളും ഭാര്യയും ഒപ്പമുണ്ടായിരുന്നു.

ആണവ പ്രഹര ശേഷിയുള്ള ഉത്തര കൊറിയയുടെ ഭരണതലത്തിലേക്ക് കിമ്മിന്‍റെ മകള്‍ എത്തുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം നടന്ന സൈനിക അഭ്യാസ പ്രകടനം നല്‍കുന്ന കാഴ്ചകള്‍. ഇതിന് തൊട്ട് മുന്‍പുള്ള ദിവസവും കിമ്മും ഭാര്യയും മകളും ഒപ്പമിരുന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം വൈന്‍ കഴിക്കുന്നതടക്കമുള്ള ചിത്രങ്ങളും പുറത്ത് വന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം പൊതുവേദിയില്‍ മകളുമായി എത്തിയത് അച്ഛന്‍ മകള്‍ ബന്ധം മാത്രമായി കാണാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശദമാക്കുന്നു.

അടുത്ത അവകാശിയിലേക്കുള്ള വ്യക്തമായ സൂചനകളാണ് സൈനിക അഭ്യാസ പ്രകടന സമയത്ത് കണ്ടതെന്നാണ് സീയോളിലെ ഹാന്‍കുക് സര്‍വ്വകലാശാലയിലെ വിദേശകാര്യ പഠന വിഭാഗത്തിലെ പ്രൊഫസറായ മേസണ്‍ റിച്ചിയുടെ വിലയിരുത്തല്‍. രാജ്യത്തെ ആണന ആയുധങ്ങള്‍ അടക്കമുള്ളവയുടെ പ്രദര്‍ശനങ്ങളില്‍ മകളും ഭാഗമാകുന്നത് അധികാര വികേന്ദ്രീകരണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിഷ്പ്രഭമാക്കുന്നതാണെന്നാണ് മേസണ്‍ റിച്ചി വിശദമാക്കുന്നത്.

നേരത്തെ കിം ജോങ് ഉൻ  അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. അദ്ദേഹം കൂടുതൽ സമയവും മദ്യപിക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. 39 വയസ്സ് തികയുന്ന ഉന്നിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ ഇതിന് പിന്നാലെ പരന്നിരുന്നു.  40 വയസ്സിനോടടുത്ത ഉൻ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് പുതിയ ഉത്കണ്ഠകയിലാണെന്നും ഒരുപാട് മദ്യപിച്ച ശേഷം അദ്ദേഹം കരയുന്നതായി കേട്ടെന്നും സിയോൾ ആസ്ഥാനമായുള്ള ഉത്തര കൊറിയൻ അക്കാദമിക് ഡോ. ചോയി ജിൻ‌വൂക്ക് പറഞ്ഞു.