‘നിധി’ പ്രകാശനം ചെയ്തു

സാംജീവ് എഴുതിയ മുപ്പത് ചെറുകഥകളുടെ സമാഹാരമായ ‘നിധി’ പ്രകാശനം ചെയ്തു.
2022 ഡിസംബർ 9ന് കോട്ടയം ഐഡാ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ മുൻ പാർലമെന്റ് അംഗമായ ശ്രീ. സുരേഷ് കുറുപ്പ് പുസ്തകത്തിന്റെ ഒരു പ്രതി പ്രൊഫസർ സി.എ. ഏബ്രഹാമിന് നല്കി പ്രകാശനകർമ്മം നിർവഹിച്ചു.
ശ്രീ. സാംസൻ ഹെൻട്രിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ. ജോർജ് ഓണക്കൂർ മുഖ്യ അതിഥിയും പ്രഭാഷകനുമായിരുന്നു.  

പ്രൊഫസർ ജോർജ് പീറ്റർ നിയന്ത്രിച്ച പരിപാടിയിൽ ബഹുമാന്യനായ സുരേഷ് കുറുപ്പിനെ കൂടാതെ പ്രൊഫസർ സണ്ണി മാത്യൂസ്, പ്രൊഫസർ സി.എ. ഏബ്രഹാം, പ്രൊഫസർ അന്നമ്മ ജേക്കബ്, പ്രൊഫസർ ജേക്കബ് ജോർജ്, ശ്രീ. സാംകുട്ടി ചാക്കോ (ഹല്ലേലുയ്യാ വാരിക), ശ്രീമതി ലീലാ ഗോപികൃഷ്ണൻ എന്നിവർ ആശംസാപ്രഭാഷണങ്ങൾ നടത്തി. ശ്രീമതി ഗോപികൃഷ്ണന്റെ മധുരമനോഹരമായ ലളിതഗാനാലാപം ചടങ്ങിന് നിറപ്പകിട്ടേകി.
സാംജീവിന്റെ കൃതജ്ഞതയോടും പാസ്റ്റർ ക്രിസ്റ്റഫർ വർഗ്ഗീസിന്റെ പ്രാർത്ഥനയോടും കൂടി ‘നിധി’യുടെ പ്രകാശനകർമ്മം പര്യവസാനിച്ചു.
നാഷനൽ ബുക്ക് സ്റ്റാൾ (NATIONAL BOOK STALL) ആണ് ‘നിധി’യുടെ വിതരണക്കാർ. 240 പേജുകളുള്ള പുസ്തകത്തിന്റെ വില ₹320 ആണ്.