സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക ക്ഷാമം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വയ്ക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഡിസംബര്‍ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവും ഉടനിറങ്ങും.

കടമെടുപ്പ് പരിധിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിത്യ ചെലവിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സംസ്ഥാന ധനവകുപ്പിന് ഉള്ളത്. ക്ഷേമ പെൻഷൻ രണ്ട് മാസത്തെ കുടിശികയായി. ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പ്രതിസന്ധികൾ പലത് ഉള്ള സാഹചര്യത്തിലാണ് 2000 കോടി സഹകരണ മേഖലയിൽ നിന്ന് വായ്പയെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നാണ് പണം കടമെടുക്കുന്നത്. എട്ടര ശതമാനം പലിശ നിരക്കിൽ ഒരു വര്‍ഷത്തേക്കാണ് വായ്പ എടുക്കുന്നത്.ക്ഷേമ പെൻഷൻ വിതരണ കമ്പനി വഴി എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുകടത്തിൽ ചേര്‍ക്കാനും ഇത് കണക്കാക്കി വായ്പാ പരിധി കുറക്കാനും കേന്ദ്രം തീരുമാനിച്ചതിനാൽ സഹകരണ കൺസോഷ്യം വഴിയുള്ള പണമെടുപ്പ് ഒരിടക്ക് ധനവകുപ്പ് നിര്‍ത്തിവച്ചിരുന്നു, പ്രതിസന്ധി കനത്തതോടെയാണ് തീരുമാനം മാറ്റിയത്. ഡിസംബര്‍ ജനുവരി മാസങ്ങളിലെ ക്ഷേമ പെൻഷന്‍ കുടിശികയാണ്. ഡിസംബവര്‍ മാസത്തെ കുടിശിക അനുവദിച്ച് തിങ്കളാഴ്ച തന്നെ ഉത്തരവിറങ്ങുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് ചെലവ് 900 കോടിയാണ്.