ത്രിപുരയില്‍ വീണ്ടും ബിജെപി, സിപിഎം സഖ്യത്തിന്‍റെ വോട്ടുനില ഇങ്ങനെ; എക്സിറ്റ് പോള്‍ ഫലം

ത്രിപുര ബിജെപിക്കൊപ്പം തന്നെയെന്ന് സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യയുടെയും സീ ന്യൂസിന്റെയും എക്സിറ്റ് പോൾ ഫലം ത്രിപുരയിൽ ബിജെപി തുടരുമെന്ന സൂചനാണ് നൽകുന്നത്. നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ത്രിപുരയിൽ ബിജെപി നേടിയേക്കും. സിപിഎം – കോൺഗ്രസ് സംഖ്യം ആറ് മുതൽ 11 വരെയും തിപ്രമോദ പാർട്ടി 9 മുതൽ 16 വരെ സീറ്റുകളും നേടിയേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ബിജെപി 29 മുതൽ 36 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് സർവ്വെ വ്യക്തമാക്കുന്നത്. ഇടത് – കോൺഗ്രസ് സഖ്യം13 മുതൽ 21 വരെ സീറ്റുകളും തിപ്രമോത 11 മുതൽ 16 വരെ സീറ്റുകളും മറ്റുള്ളവർ പൂജ്യം മുതൽ മൂന്ന് സീറ്റുകൾ വരെയും നേടും.

സിപിഎം 16 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഇത്തവണ സിപിഎമ്മിന്റെ വോട്ടുവിഹിതം അടക്കം ഇടിയും എന്ന പ്രവചനമാണ് ആക്സിസ് മൈ ഇന്ത്യ നൽകുന്നത്. നേരത്തേ 42 ശതമാനം വോട്ടുവിഹിതം നേടിയ സിപിഎമ്മിന് ഇത്തവണ 32 ശതമാനമായി ഇത് കുറയും. അതേസമയം ഇത്തവണയും കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് പ്രവചനം. കോൺഗ്രസുമായി ചേർന്ന് മത്സരിക്കുമ്പോഴും സിപിഎമ്മിന് നിലമെച്ചപ്പെടുത്താനാകുന്നില്ല. പ്രത്യുദ് ദേബ് ബർമ്മന്റെ തിപ്രമോദ പാർട്ടി പ്രധാന സാന്നിദ്ധ്യമാകുന്ന കാഴ്ചയും ത്രിപുരയിൽ നിന്ന് പുറത്തുവരുന്നു. തിപ്രമോദ പാർട്ടിയ്ക്ക് രണ്ടാം സ്ഥാനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. ആരുടെയൊക്കെ വോട്ട് വിഴുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കിയിരുന്നു. ബിജെപിയുടെ വോട്ട് തിപ്ര മോദ പിടിക്കുകയെന്നാണ് കരുതിയിരുന്നതെങ്കിൽ പ്രതിപക്ഷത്തിന്റെ വോട്ടാണ് ഇവർ സ്വന്തമാക്കുകയെന്നാണ് സൂചനകൾ. കേന്ദ്രസർക്കാരിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞും മോദിയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമായിരുന്നു ദേശീയ നേതാക്കൾ തുടർച്ചയായി ക്യാമ്പയിനുകൾ നടത്തിയിരുന്നത്. ഇത് ഗുണം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തന്നെ വേണം വിലയിരുത്താൻ.