സമൂഹത്തില്‍ വിവിധ മേഖലകളില്‍ വനിതാപ്രാതിനിധ്യമുണ്ടാകുകയെന്നത് ഏറെ അഭിമാനകരമായ മുന്നേറ്റം തന്നെയാണ്. രാഷ്ട്രീയരംഗം ഇതില്‍ നിന്ന് ഒട്ടും മാറിനില്‍ക്കുന്നതോ വ്യത്യസ്തമോ അല്ല. എങ്കില്‍പ്പോലും രാഷ്ട്രീയ സംഘടനകളുടെ നേതൃനിരയിലോ, ഭരണസംവിധാനങ്ങളിലോ വനിതകളുടെ പങ്കാളിത്തം ഇന്നും രാജ്യത്ത് അത്രമാത്രം ഇല്ല എന്നതാണ് വസ്തുത.
ഇപ്പോഴിതാ നാഗാലാൻഡില്‍ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് വനിതാസാരഥികള്‍ നിയമസഭയിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക് എത്തുന്നത്.
എൻഡിപിപിക്ക് (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) വേണ്ടി ദിമാപൂര്‍ -|||യില്‍ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്റ്റേൺ അംഗാമിയില്‍ നിന്ന് മത്സരിച്ച സല്‍ഹൗതുവോന്വോ ക്രൂസ് എന്നിവരാണ് ചരിത്രം കുറിച്ചുകൊണ്ട് വിജയം നേടിയിരിക്കുന്നത്.
14,395 വോട്ടാണ് ഹെകാനി ജഖാലു നേടിയത്. സല്‍ഹൗതുവോന്വോയുടേത് നേരിയ ഭൂരിപക്ഷത്തിനുള്ള വിജയമാണ്. എതിരാളിയെ 41 വോട്ടുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 6,956 വോട്ടുകളാണ് ആകെ നേടിയത്.
യുവതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന ദൃഢനിശ്ചയത്തോട് കൂടി രാഷ്ട്രീയരംഗത്ത് തുടരുന്നയാളാണ് ഹെകാനി ജഖാലു. ഒരു എൻജിഒ (സന്നദ്ധ സംഘട) രൂപപ്പെടുത്തി, അതില്‍ വര്‍ഷങ്ങളായി യുവാക്കള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു നാല്‍പത്തിയേഴുകാരിയായ ഇവര്‍. ഒപ്പം എൻഡിപിപി പ്രവര്‍ത്തനത്തിലും സജീവപങ്കാളിത്തമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ജഖാലുവിനെ തേടി 2018ല്‍ നാരി ശക്തി പുരസ്കാരവും തേടിയെത്തിയിരുന്നു.
ഇരുപത്തിനാല് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവവുമായാണ് സല്‍ഹൗതുവോന്വോ നിയമസഭയിലെത്തുന്നത്. അന്തരിച്ച മുൻ എൻഡിപിപി നേതാവ് കെവിശേഖോ ക്രൂസിന്‍റെ പത്നി കൂടിയാണ് സല്‍ഹൗതുവോന്വോ. എൻജിഒകളില്‍ തന്നെയാണ് സല്‍ഹൗതുവോന്വോവും സജീവമായി പ്രവര്‍ത്തിക്കുന്നത്.
സേവനമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ അനുഭവത്തോടെ നിയമസഭയിലെത്തുന്ന രണ്ട് വനിതാസാരഥികളിലും വലിയ പ്രതീക്ഷ ജനം വയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും യുവാക്കളും സ്ത്രീകളും കുട്ടികളും. ഇരുവരുടെയും പ്രവര്‍ത്തനമേഖലയും ഇവ തന്നെയാകാനാണ് സാധ്യത.
 
            


























 
				
















