BREAKING NEWS: ഡി.എൽ.എഫ് പൊളിക്കൽ- തീരദേശ പരിപാലന അതോറിറ്റി  സുപ്രീം കോടതിയിലേക്ക് 

 

-വികാസ് രാജഗോപാല്‍-

കൊച്ചിയിലെ  ഡി എൽ എഫ് ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതിന് എതിരെയുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ വിധിക്കെതിരെ  സുപ്രീം കോടതിയിൽ  അപ്പീൽ  പോകാൻ തീരദേശ പരിപാലന അതോറിറ്റി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. അപ്പീൽ പോകാനുള്ള പ്രധാന കാരണം ഡിവിഷൻ ബഞ്ചിൻ്റെ വിധിയുടെ മറ പിടിച്ച് തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമ്മിച്ചവർ  പിഴ അടച്ച് രക്ഷപെടാൻ ഉള്ള  ശ്രമം ഉണ്ടായതിനെ തുടർന്നാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയവരുടെ ലിസ്റ്റ് തയാറാക്കിയാണ് തീരദേശ പരിപാലന അതോറിറ്റി  സുപ്രീം കോടതിയെ സമീപിക്കുന്നത്.

നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃത നിർമ്മാണം നടത്തിയ കൊച്ചി ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്നും ഒരുകോടി രൂപ പിഴയായി പരിസ്ഥിതി വകുപ്പിന് നൽകിയാൽ മതിയെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍െറ വിധി. ഈ തീരുമാനത്തെയാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നത്. കോടികളുടെ നിക്ഷേപവും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് ഫ്‌ളാറ്റ് പൊളിക്കേണ്ട എന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന്‍െറ തീരുമാനം . എന്നാ‌ൽ  ക്രമക്കേടുകള്‍  ഉണ്ടെന്ന് കണ്ടത്തിയ  സിംഗിള്‍ ബെഞ്ച് ഉത്തരവ്  ശരിവെച്ച് കൊണ്ട് തന്നെയായിരുന്നു  ഹൈക്കോടതി  ഡിവിഷൻ ബഞ്ച് കെട്ടിടം പൊളിക്കേണ്ട എന്ന അസാധാരണ തീരുമാനത്തിൽ എത്തിച്ചെർന്നത് .

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് നീക്കണമെന്ന് നേരത്തെ ഹൈക്കോടതി തന്നെയാണ്  ഉത്തരവിട്ടിരുന്നത്  .കെട്ടിടത്തിന് അനുമതി നല്‍കിയ കൊച്ചി നഗരസഭ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തിന്റെ തുടര്‍ന്നുളള നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും   അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

തീരദേശ ദേശ പരിപാലന നിയമം ലംഘിച്ചാണ് ഡിഎല്‍എഫ് ഫ്ളാറ്റ്  നിര്‍മ്മിച്ചിരിക്കുന്നതെന്നും, കായൽകയ്യേറി എന്നുമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതി കണ്ടെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയാണ് ഡി.എല്‍.എഫ്.