മുഖ്യമന്ത്രിയെത്തും മുമ്പ് കരുതൽ തടങ്കൽ, കറുപ്പിന് വിലക്ക്

Chief Minister Pinarayi Vijayan. Photo: Manorama

കോഴിക്കോട്: കാലിക്കറ്റ് സ‍ര്‍വകലാശാലയിൽ മുഖ്യമന്ത്രിയെത്തുന്നതിനു മുമ്പ്  കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ്  കെ എസ്യു  നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവ‍ര്‍ത്തക‍ര്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍ ഷഹീന്‍,കെ എസ് യു ജില്ലാ പ്രസിഡന്‍റ് വി ടി നിഹാല്‍ എന്നിവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം.

ഇവരെ വിട്ടയക്കാമെന്ന് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജുരാജ് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന  സാഹചര്യത്തിലായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മൂന്ന് എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. കറുത്ത പർദ്ദയും ഷാളും പേടിച്ച് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയെന്ന് എംഎസ്എഫ് ആരോപിച്ചു. ഹരിത സംസ്ഥാന കമ്മിറ്റി അംഗം ടിപി ഫിദ, യൂണിറ്റ് സെക്രട്ടറി മറിയം റഷീദ, റഹീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.