എസ്എസ്എൽസിക്ക് നാലുലക്ഷത്തിലധികം വിദ്യാർഥികൾ, ഫലം മെയ് രണ്ടാം വാരം

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മാർച്ച് 9 ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി കൗൺസലിങ് സഹായം നൽകും. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 18004252844
എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.