സനാതന സംസ്കൃതി സംരക്ഷിക്കാൻ കേരളത്തിലും കെ.എച്. എൻ.എ

സുരേന്ദ്രൻ നായർ

സനാതന സംസ്‌കൃതിയുടെ നിതാന്ത സ്മാരകങ്ങളായ ക്ഷേത്ര സമുച്ചയങ്ങളെയും ക്ഷേത്ര കലകളെയും സേവാ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരവധി പ്രവർത്തനങ്ങളുമായി കെ.എച്.എൻ.എ. കേരളത്തിലും സജീവം.              എണ്ണംകൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ദേവി ക്ഷേത്രങ്ങളാകയാൽ മാതൃ സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ദേവസ്ഥാനങ്ങളും നാരീപൂജയും സാധാരണമാണ്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്ത്രീഭക്ത സമർപ്പണമായ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ പോലും സ്ഥാനംപിടിച്ച ഒരു മഹാ സംഗമമാണല്ലോ. ആയിരക്കണക്കിന് അശരണരായ അമ്മമാരെ സഹായിക്കാനായി കെ.എച്.എൻ.എ.ആരംഭിച്ച ഒരു ജീവകാരുണ്യ പദ്ധതിയാണ് അമ്മ കൈനീട്ടം. ഈ പെൻഷൻ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വർഷക്കാലമായി മുന്നൂറിൽപരം അമ്മമാർക്ക് ആനുകൂല്യം നൽകിവരുന്നു.                     കഴിഞ്ഞ മാസം തിരുവനന്തപുരത്തു കേരളാ ഗവർണ്ണർ ഉത്‌ഘാടനം ചെയ്ത ഹിന്ദു എൻക്ലേവിൽ അമ്മ കൈനീട്ടവിതരണം കൂടാതെ ക്ഷേത്ര കലകളെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാകാരന്മാരെയും ഭക്തരെയും ആദരിക്കുകയുണ്ടായി.                          പൂരങ്ങളിലും ഉത്സവങ്ങളിലും മുഖ്യാകർഷകമായി തിടമ്പ് ഏറ്റിയ ഗജകേസരികൾ തലയെടുപ്പോടെ ജനശ്രദ്ധ പിടിച്ചുപറ്റുമ്പോൾ ആ ആനകളെ ശ്രദ്ധയോടെ വൃതാനുഷ്ടാനം പോലെ സംരക്ഷിക്കുന്ന പരിപാലകരെ ആരും അത്ര ശ്രദ്ധിക്കാറില്ല. കൃത്യമായ പരിശീലനത്തിലൂടെയും മെയ്‌വഴക്കത്തിലൂടെയും ഈ പാപ്പാന്മാർ നിർവഹിക്കുന്ന സേവനം അംഗീകരിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ഗജപരിപാലന പുരസ്‌കാരം നല്കാൻ കെ. എച്.എൻ. എ തീരുമാനിച്ചത്. തലയെടുപ്പുകൊണ്ട് വിഖ്യാതനായ ചിറക്കൽ കാളിദാസൻ എന്ന ഗജകേസരിയുടെ പാലകൻ മാമ്പി ശരത്താണ് പുരസ്‌കാരത്തിന് അർഹനായത്. ആറ്റുകാൽ, ആറമ്മുള ക്ഷേത്രങ്ങളുടെ മുഖ്യതന്ത്രി വാസുദേവൻ ഭട്ടതിരി പുരസ്കാരം സമ്മാനിച്ചു.                     ശബരിമല മകരവിളക്കിന് മുന്നോടിയായി അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി ഉൾക്കൊള്ളുന്ന തിരുവാഭരണ പേടകം കഴിഞ്ഞ അറുപത്തിയഞ്ചിലേറെ വർഷങ്ങളായി പന്തളത്തുനിന്നും ശരണ പാതയിലൂടെ തലച്ചുമടായി സന്നിധാനത്തു എത്തിക്കുന്ന ഗുരുസ്വാമി പന്തളം കുളത്തിനാൾ ഗംഗാധരൻ പിള്ളയെ കേന്ദ്ര മന്ത്രി വി. മുരളീധരൻ പുരസ്കാരവും ദക്ഷിണയും നൽകി ആദരിച്ചു.               കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രീകുമാരൻ തമ്പിക്ക് ആർഷ ദർശന പുരസ്കാരവും നമ്പി നാരായണന് ശാസ്ത്ര പുരസ്കാരവും നൽകിയ അതെ വേദിയിൽ മറ്റൊരു അംഗീകാരത്തിന നേട്ടത്തിന് അർഹയായതു മാളികപ്പുറം എന്ന വിളിപ്പേരാൽ കേരളം ഏറ്റെടുത്ത കുമാരി ദേവനന്ദയാണ്. അചഞ്ചല ഭക്തിയുടെ ഹർഷോന്മാദം തന്റെ സുന്ദര മുഖകമലത്തിലൂടെ അനുവാചകഹൃദയങ്ങളിലേക്ക് ആവാഹിച്ച അത്ഭുത അഭിനയ പ്രതിഭ ദേവനന്ദയെ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി കേന്ദ്രമന്ത്രി മുരളീധരനും ശ്രീശക്തി ശാന്താനന്ദയും ചേർന്ന് ആദരിച്ചു.