വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ഒടുവിൽ ആശ്വാസ വാ‍ർത്ത. ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. വേനൽ മഴ എത്തുന്നതോടെ കൊടും ചൂടിൽ നിന്നും മോചനത്തിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.