വിഷപ്പുകയിൽ ശ്വാസം മുട്ടി കൊച്ചി;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി

ഷപ്പുകയിൽ പതിനൊന്നാം ദിനവും ശ്വാസം മുട്ടി കൊച്ചി. ആരോഗ്യപ്രശ്നങ്ങളടക്കമുണ്ടായതോടെ കുഞ്ഞുങ്ങളുമായി  പലരും ബന്ധു വീടുകളിലും ഹോട്ടലുകളിലും ജനം അഭയം തേടി. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാർ വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് മടങ്ങി. വിഷപ്പുകയിൽ സർക്കാർ അനാസ്ഥക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഒരു നിർമാർജന സംവിധാനവും ഇല്ലാതെ ഇത്രയധികം മാലിന്യം കുന്നുകൂട്ടിയ സർക്കാർ ദുരന്തം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന വിമർശനവുമായി പ്രമുഖർ അടക്കം രംഗത്തെത്തി. തുടക്കത്തിൽ പ്രശ്നത്തെ ലാഘവത്തോടെ കൈകാര്യം ചെയ്ത സംസ്ഥാന സർക്കാരിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമർശനം കനക്കുകയാണ്. ബ്രഹ്മപുരത്ത് നടന്ന അഴിമതിയും ക്രമക്കേടും ഉത്തരവാദപ്പെട്ടവർ അറിഞ്ഞില്ല. അതല്ലെങ്കിൽ അറിഞ്ഞിട്ടും മറച്ചുവെച്ചു. രണ്ടും വലിയ വീഴ്ചയാണ്. തീപിടുത്തം ഉണ്ടായപ്പോൾ പ്രാദേശിക സംവിധാനങ്ങളെ മാത്രം എല്ലാം ഏൽപ്പിച്ചു സർക്കാർ കാഴ്ചക്കാരായി മാറിനിന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം എന്തെന്നതിലോ ആരോഗ്യ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഇപ്പോഴും സർക്കാരിന് ഒരു വ്യക്തതയുമില്ലെന്നതാണ് യാഥാർത്ഥ്യം.

ബ്രഹ്മപുരത്തെ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 കൂടി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി നീട്ടി നൽകുന്നതെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23 (തിങ്കൾ), 14-03-23 (ചൊവ്വ), 15-03-23 (ബുധൻ) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ  സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.