പദ്മ പുരസ്ക്കാരങ്ങളിൽ മലയാളിത്തിളക്കം;നാല് മലയാളികളും പുരസ്കാരം ഏറ്റുവാങ്ങി

പദ്മ പുരസ്ക്കാരങ്ങളിൽ ഇക്കുറി മലയാളിത്തിളക്കം കൊത്തിവച്ച നാല് മലയാളികളും രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയൻ ആശങ്ങളുടെ പ്രചാരകനായ കണ്ണൂർ ഗാന്ധി വി പി അപ്പുക്കുട്ടൻ പൊതുവാള്‍, ചരിത്രകാരൻ സി ഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, വയനാട്ടിലെ കർഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയൽ കെ രാമൻ എന്നീ മലയാളികൾക്കാണ് ഇത്തവണ പദ്മ പുരസ്കാരം ലഭിച്ചത്. സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന വി പി അപ്പുക്കുട്ടൻ പൊതുവാൾ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള കർഷകനായ ചെറുവയൽ രാമന് സുസ്ഥിര കൃഷിക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾക്കാണ് രാജ്യം പുരസ്കാരം നൽകി ആദരിച്ചത്. കളരിപ്പയറ്റ് പരിശീലകൻ എസ് ആർ ഡി പ്രസാദിന് കായിക മേഖലയിലെ സമ​ഗ്ര സംഭാവനയ്ക്കാണ് രാജ്യം പുരസ്കാരം നൽകി ആദരിച്ചത്. രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്കാര സമർപ്പണ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് എല്ലാവ‍ർക്കും പുരസ്കാരം വിതരണം ചെയ്തത്. ഓസ്കാർ നേട്ടത്തിന്‍റെ ഖ്യാതിയിലെത്തിയ സംഗീത സംവിധായകൻ എം എം കീരവാണി, നടി രവീണാ ടണ്ഡൻ, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുൻജൂൻവാല എന്നിവരടക്കമുള്ളവർക്കാണ് ഇക്കുറി പദ്മശ്രീ പുരസ്കാരം ലഭിച്ചത്.