രണ്ട് ടണ്‍ പ്ലാസ്റ്റിക് മാലിന്യം തന്നാല്‍ വൈകീട്ട് 14 ബാരല്‍ ഡീസല്‍ തരാമെന്ന് ബ്രെറ്റ് ബെര്‍ണാഡ്

കൊച്ചി: പ്ലാസ്റ്റിക് മാലിന്യം പുനസംസ്‌കരിക്കുന്നതിന് ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കുന്ന മെക്കാനിക്കല്‍ റീസൈക്ക്‌ളിംഗല്ല കെമിക്കല്‍ റീസൈക്ക്‌ളിംഗാണ് അനുയോജ്യമെന്ന് ജര്‍മന്‍ കമ്പനിയായ ബിപിഒ എന്‍ജിനീയറിംഗിന്റെ ഇന്ത്യയിലെ സംരംഭത്തിന്റെ എംഡിയും എല്‍എന്‍ജി-പെട്രോകെമിക്കല്‍ വ്യവസായ വിദഗ്ധനുമായ ബ്രെറ്റ് ബെര്‍ണാഡ്. ജല, പാര്‍പ്പിട, പരിസ്ഥിതി ദിനങ്ങളില്‍ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നടത്തി വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ജലദിനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എട്ടു കോടി രൂപ മുതല്‍ക്കാണ് ബിപിഒ എന്‍ജിനീയറിംഗ് വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ മെഷീനറിക്ക് ചെലവു വരുന്നത്. ഇതിനാവശ്യമായ സ്ഥലവും ഓരോ ദിവസവും വൃത്തിയാക്കിയ രണ്ടു ടണ്‍ പ്ലാസ്റ്റിക് മാലിന്യവും നല്‍കിയാല്‍ വൈകിട്ട് 14 ബാരല്‍ (യുഎസ്) ഡീസല്‍ തരാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ വിപണിവിലയില്‍ ഏതാണ്ട് ഒരു ലക്ഷം രൂപ വില മതിക്കുന്ന ഡീസല്‍. അങ്ങനെ ഏതാണ്ട് നാലര വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന മാതൃകയാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്. മെഷീനറി ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാനായാല്‍ 5 കോടി രൂപയ്ക്ക് മെഷീനറി ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.