സർക്കാരിന് വഴങ്ങി ഗവർണർ

കെടിയു വിസി നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ് ചാന്‍സലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നല്‍കാമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നല്‍കി. ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താല്‍പര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്നാണ് രാജ്ഭവനില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് ഗവർണറുടെ പിൻവാങ്ങൽ.

കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത് വൻ പോരാണ്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. ഒന്നുകിൽ സജി ഗോപിനാഥിന് അല്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന വ്യക്തിക്ക് ചുമതല നൽകാം എന്നാണ് രാജ്ഭവനില്‍ നിന്നുള്ള കത്ത്. കേരള സർവകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.