രാഹുലിന് വീണ്ടും’മോദി’ പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം

മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് കുരുക്ക് മുറുകുന്നു. സൂററ്റിലേതിന് സമാന കേസിൽ പാറ്റ്ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് കിട്ടി. ഏപ്രിൽ 12 ന് ഹാജരായി മൊഴി നൽകണം. ബി ജെ പി നേതാവ് സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി. അതേസമയം കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ തീയതി നീട്ടി ചോദിച്ചേക്കും. കോലാർ സന്ദർശനത്തിന് മുൻപ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധി അപ്പീൽ ഫയൽ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങൾ  വ്യക്തമാക്കി.

ഏപ്രില്‍ 5നാണ് രാഹുല്‍ കോലാര്‍ സന്ദര്‍ശിക്കുന്നത്. തന്‍റെ മണ്ഡലമായ വയനാട് സന്ദർശിക്കാനും ആലോചനയുണ്ട്. നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാൻ രാഹുലിന് താൽപര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മണ്ഡലത്തിൽ എത്തണമെന്ന ആവശ്യം വയനാട്ടിൽ നിന്ന് ശക്തവുമാണ്. അതേസമയം ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി ദില്ലി പോലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പോലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്.