വര്‍ഗീസ് ഏബ്രഹാമിന്‍റെ പുസ്തകം ഫ്ളോറിഡയില്‍ പ്രകാശനം ചെയ്തു

സജി കരിമ്പന്നൂര്‍
ഫ്ളോറിഡ: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ എഴുതി പ്രസിദ്ധീകരിച്ച ‘കഥകളും ചില അമേരിക്കന്‍ ചിന്തകളും’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം പ്രമുഖ ഡോക്ടറും എഴുത്തുകാരനുമായ ഡോ. എം.പി. രവീന്ദ്രനാഥന്‍ നിര്‍വഹിച്ചു. പ്രസിദ്ധ എഴുത്തുകാരന്‍ രാജു മൈലപ്രയ്ക്ക് ആദ്യപ്രതി നല്കിക്കൊണ്ടാണ് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ആസ്ഥാനമായ കേരളാ സെന്‍ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രകാശനകര്‍മ്മം നടന്നത്.
പ്രവാസജീവിതത്തിന്‍റെ ദാര്‍ശനികതയിലൂടെ, ലോകക്ഷേമ ചിന്തയിലൂടെ ഒക്കെയുള്ള ഒരു വായനായാത്രയാണ് ഈ പുസ്തകം. ഒപ്പം ചെറുകഥകളുടെ അംഗലേശങ്ങള്‍ ആഖ്യാനം ചെയ്തിട്ടുമുണ്ട്. മലയാള ഭാഷയെ തന്മയത്വമായി എങ്ങനെ സാമൂഹിക മുന്നേറ്റത്തിനുവേണ്ടി വിനിയോഗിക്കാമെന്ന് ഇതിലെ ലേഖനങ്ങള്‍ വരച്ചുകാട്ടുന്നു. ഗ്രന്ഥകര്‍ത്താവിന്‍റെ അരനൂറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിന്‍റെ സ്മരണകള്‍ വായനക്കാര്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും പ്രദാനം ചെയ്യുക. വാക്കുകളുടെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തില്‍ എഴുതിയിട്ടുള്ള ഈ പുസ്തകത്തില്‍ നിന്നും സാഹിത്യപ്രേമികള്‍ക്ക് വായിച്ചെടുക്കുവാന്‍ ആവോളമുണ്ടെന്ന് നിസ്സംശയം പറയാം.
സ്വാഗതപ്രസംഗത്തില്‍ പുസ്തക രചയിതാവ് വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ തന്‍റെ കഴിഞ്ഞ അമ്പതു വര്‍ഷത്തെ സാഹിത്യ തപസ്യയെക്കുറിച്ചും അതിന്‍റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട സാഹിത്യരചനകളെക്കുറിച്ചും വിശദമായി സംസാരിച്ചു.
ഡോ. രവീന്ദ്രനാഥന്‍ തന്‍റെ ആമുഖപ്രസംഗത്തില്‍ പ്രസ്തുത കൃതിയെക്കുറിച്ച് പ്രൗഢഗംഭീരമായ ഒരു പഠനം എഴുതി വായിച്ചു. ഈയിടെ ന്യൂയോര്‍ക്കില്‍ നിന്നും ഫ്ളോറിഡയിലേക്ക് താമസം മാറ്റിയ പ്രവാസി മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ രാജു മൈലപ്ര തന്‍റെ ആശംസാപ്രസംഗത്തില്‍, ഈ പുസ്തകം വിവിധ തലങ്ങളിലേക്ക് അനുവാചകരെ എത്തിക്കുന്ന ഒരു അനുഭവമായിരിക്കുമെന്ന് പ്രസ്താവിച്ചു.
സുപ്രസിദ്ധ മലയാള പ്രവാസകവി ചെറിയാന്‍ കെ. ചെറിയാന്‍ സാറിന്‍റെ ആശംസ ചെറിയാന്‍ കുന്നുമ്മേല്‍ സദസില്‍ വായിച്ചു. പ്രമുഖ വാഗ്മിയും സാമൂഹിക, സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധ്യവുമായ ഡെന്നി ഊരാളില്‍ കൃതിയുടെ ദര്‍ശനങ്ങളെക്കുറിച്ച് വിശദമായി പ്രസംഗിച്ചു.
വിവിധ കര്‍മ്മമേഖലകളില്‍ പ്രശസ്തരായ കവയത്രി ഡോ. സുശീലാ രവീന്ദന്‍, ജെയിംസ് ഇല്ലിക്കല്‍, റവ. പി.വി. ചെറിയാന്‍, സോണി കുളങ്ങര, സൂസി ജോര്‍ജ്, മാത്യു നൈനാന്‍, സിജോ കുറിയാക്കോസ്, പുഷ്പ മൈലപ്ര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
‘കഥകളും ചില അമേരിക്കന്‍ ചിന്തകളും’ എന്ന ഈ പുസ്തകത്തിന്‍റെ പ്രതികള്‍ ആമസോണ്‍ വഴി ലഭിക്കുന്നതാണെന്ന് പ്രസാധകര്‍ അറിയിച്ചു. റോഷന്‍ ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. സജി കരിമ്പന്നൂര്‍ ആയിരുന്നു പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണി.