കോട്ടിട്ട വക്കീലന്‍മാര്‍ കാട്ടില്‍ പോയോ…? നിയമവിദ്യാര്‍ത്ഥികള്‍ക്ക് സഹായം നാലാംലിംഗക്കാര്‍ മാത്രം..

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ സമൂഹത്തിന്റെ പിന്തുണയില്ല.

അഭിഭാഷക സമൂഹം മൗനത്തില്‍.

സംസ്ഥാനത്തെ14 ജില്ലകളിലായി ഏകദേശം അമ്പതിനായിരത്തോളം അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപെടുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ലേബലില്‍ വക്കീലന്‍മാരുടെ സംഘടനകളുണ്ട്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ മുതല്‍ നിയമരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച നിരവധിപേര്‍ സംസ്ഥാനത്തുണ്ടായിട്ടും തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തില്‍ ഇടപെടാനോ അവരെ ഒന്ന് സന്ദര്‍ശിക്കാനോ ധാര്‍മികമായോ മാനസികമായോ പിന്തുണ കൊടുക്കാനോ അഭിഭാഷക സമൂഹത്തില്‍ നിന്ന് ആരും മുന്നോട്ട് വന്നിട്ടില്ല.

നിസ്സഹായാരായ ഈ കുട്ടികളെ പിന്തുണയ്ക്കാനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ പൊതു സമൂഹത്തിന്റെ മുന്നിലെത്തിക്കാനും തയാറായത് അഭിഭാഷകര്‍ നാലാം ലിംഗക്കാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ച മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ്. പ്രിന്‍സിപ്പലിന്റെ പീഡനത്തിനെതിരെ രണ്ടാഴ്ച്ചയായി അഭിഭാഷക വിദ്യാര്‍ത്ഥികള്‍ ലോഅക്കാദമിക്ക് മുമ്പില്‍ കൊടികെട്ടി സമരം ചെയ്യുന്നു. ഇക്കൂട്ടത്തില്‍ സകലമാന സംഘടനകളുമുണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥികളായ കോട്ടിട്ടവര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് കുട്ടികള്‍ വിലപിക്കുന്നു. പെണ്ണുകേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനെ രക്ഷിച്ചെടുക്കാന്‍ കേരളത്തിലെ മാധ്യമങ്ങളെ ഒന്നടങ്കം കോടതികളില്‍ നിന്ന് അടിച്ചോടിച്ച കോട്ടിട്ട പുണ്യാളന്‍മാര്‍ കുട്ടി വക്കീലന്‍മാരുടെ ദയനീയാവസ്ഥ കണ്ടിട്ടും കാണാതെ പോവുകയാണ്.

ഏഷ്യാനെറ്റ് ന്യൂസും വിനു.വി.ജോണുമാണ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നം ആദ്യമായി സജീവ ചര്‍ച്ചയ്ക്ക്  വിധേയമാക്കിയത്. തുടര്‍ച്ചയായി രണ്ടു ദിവസം വിനു വി ജോണ്‍ ന്യൂസവറില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ കൊള്ളരുതായ്മകള്‍ തുറന്നു കാട്ടി. ആണത്തത്തോടു കൂടി ഈ വിഷയത്തില്‍ ഇടപെട്ട് സമരം ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടി രണ്ട് വാക്ക് സംസാരിക്കാന്‍ ഒരു അഭിഭാഷകനും രംഗത്തുവന്നിട്ടില്ല.

ഏഷ്യാനെറ്റിനു പിന്നാലെ എല്ലാ മാധ്യമങ്ങളും ലോ അക്കാദമി വിഷയം സജീവമായി ഏറ്റെടുക്കുകയും അവിടത്തെ വിദ്യാര്‍ത്ഥികളുടെ ദുരിതം പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്തു. ലോ അക്കാദമിയില്‍ നിയമവിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന നഗ്‌നമായ അഴിമതിയെ കുറിച്ചും ജാതി പീഡനത്തെകുറിച്ചും അന്വേഷിക്കാനോ അതില്‍ ഇടപെടാനോ ബാര്‍കൗണ്‍സില്‍ പോലും തയാറായില്ല. ലോ അക്കാദമിയില്‍ നടക്കുന്ന ജാതി പീഡനത്തെ കുറിച്ച് ഒരു പൊതു താല്പ്പര്യ ഹര്‍ജികൊടുക്കാന്‍ പോലും വക്കീല്‍ സമൂഹം ഇനിയും തയാറായിട്ടില്ല. നാലാം ലിംഗക്കാര്‍ എന്ന് ആക്ഷേപിച്ചവര്‍ ഉള്ളതു കൊണ്ട് മാത്രമാണ് ഈ കൊള്ളരുതായ്മകള്‍ പൊതുസമൂഹം അറിഞ്ഞത്.

related stories:

ലക്ഷ്മി നായരെ സുഖിപ്പിച്ച് കൈരളി ചാനല്‍; വിദ്യാര്‍ഥി സമരം മുക്കിയതില്‍ കുട്ടിസഖാക്കള്‍ക്ക് മുറുമുറുപ്പ്

ഞാന്‍ ലക്ഷ്മിനായരുടെ പീഡനത്തിന്റെ ഇര: അഡ്വ കരകുളം ആദര്‍ശ്

SHOCKING STORY: മാഡത്തിന്റെ ബിരിയാണിക്കടയില്‍ മേശതുടപ്പായിരുന്നു എന്‍റെ ജോലി

ശത്രുക്കളുടെ മക്കള്‍ക്കുപോലും ഞങ്ങളുടെ ഗതി ഉണ്ടാകാതിരിക്കട്ടെ!!!