ഏഷ്യൻ അമേരിക്കൻ സ്പർദയെ കുറിച്ച് ഐനാനി അഡൽഫൈ യൂണിവേഴ്സിറ്റിയിൽ പാനൽ ചർച്ച നടത്തി

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) അഡെൽഫൈ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഏഷ്യൻ വിരുദ്ധ പ്രവണതയെകുറിച്ചു പാനൽ ചർച്ച നടത്തി. യൂണിവേഴ്സിറ്റിയുടെ ഡിവേഴ്സിറ്റി, ഇക്വിറ്റി ആൻഡ് ഇൻക്ലൂസിവിറ്റി കൌൺസിൽ മുൻകൈയെടുത്ത് ആസൂത്രണം ചെയ്ത ഈ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കൊയാലിഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയുമായി ചേർന്ന് ന്യൂ യോർക്ക് സ്റ്റേറ്റിൽ നിന്നുള്ള പ്രത്യക ഗ്രാന്റോടുകൂടി അമേരിക്കയിലുടനീളം ഉയർന്നുവന്ന ഏഷ്യൻ അമേരിക്കൻ വിരുദ്ധതയ്‌ക്കെതിരെ പൊതുതാൽപപര്യത്തിനായി പ്രവർത്തിക്കുകയായിരുന്നു ഐനാനി.. ഏഷ്യൻ അമേരിക്കക്കാരോടുള്ള സ്പർദ്ധയ്ക്കും വിവേചനത്തിനും കുറ്റകൃത്യങ്ങൾക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും കോവിഡ് പകർച്ചവ്യാധിയുടെ തുടക്കത്തോടെ അഭൂതപൂർവ്വമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഐനാനി സാമൂഹിക ഉത്തരവാദിത്വമുള്ള ഔദ്യോഗിക സംഘടനയെന്ന നിലയിൽ മുഖ്യധാരാ സമൂഹത്തിനു മുന്നിൽ എത്തിയത്.
അഡൽഫയിൽ ക്ലിനിക്കൽ അസ്സോസിയേറ്റ് പ്രൊഫെസ്സറും നോർത് വെൽ ഹെൽത്തിൽ നേഴ്സ് സയന്റിസ്റ്റും ഐനാനിയുടെ റിസർച്ച് ആൻഡ് ഗ്രാന്റ് കമ്മിറ്റി ചെയറും ആയ ഡോ. ആനി ജേക്കബ് ആയിരുന്നു മോഡറേറ്റർ. ഐനാനി പ്രെസിഡന്റും നോർത്ത് വെൽ ഹെൽത്തിൽ നഴ്സ് പ്രാക്ടീഷണറും മല്ലോയ് യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫെസ്സറുമായ ഡോ. അന്നാ ജോർജ്, ലോങ്ങ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ ആഡ്ജംഗ്ട്റ്റ് അസിസ്റ്റന്റ് പ്രൊഫെസ്സറും നോർത്ത് വെൽ ഹെൽത്തിൽ കൺസൾട്ടന്റുമായ പോൾ ഡി പനയ്ക്കൽ, അഡൾഫായ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ മേഴ്‌സി ജോസെഫ് എന്നിവർ ആയിരുന്നു പാനലിൽ.
അമേരിക്കയിലെ ഏഷ്യക്കാരോടുള്ള വിവേചനവും വിദ്വേഷവും മൂലമുള്ള സംഭവങ്ങൾ ഏഷ്യാക്കാരുടെ കുടിയേറ്റം മുതൽ തുടങ്ങിയതാണ്. നിയമനിർമ്മാണം കൊണ്ടും കോടതിവിധി വഴിയും അവരോടുള്ള വിദ്വേഷത്തെയും വിവേചനത്തെയും സാധൂകരിക്കുകയാണ് മുൻപ് ചെയ്തിട്ടുള്ളത്. വെള്ളക്കാർക്കെതിരെ സാക്ഷ്യം പറയുന്നതിനുള്ള അവകാശം പോലും സ്വീകാര്യമല്ലെന്നു കോടതി വിധിച്ചിട്ടുള്ളതാണ് ചരിത്രത്തിലുള്ളത്. സമൂഹം പലവിധത്തിൽ അവരെ തരം താഴ്ത്തുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആരംഭം മുതൽ വിവേചന-വിദ്വേഷ സംഭവങ്ങൾ ക്രമാതീതമായാണ് വർധിച്ചത്. ജോലിസ്ഥലത്തുള്ള അസാന്മാർഗ്ഗികമായ ഒറ്റപ്പെടുത്തൽ, ഒഴിവാക്കൽ, മുഖത്തിട്ടു തുപ്പുക, ചുമയ്ക്കുക, പരോക്ഷമായി വാക്കുകൾ കൊണ്ട് കുറ്റപ്പെടുത്തുക എന്നിവ തുടങ്ങി ക്ലസ്സ്മുറികളിലെ ഭീഷണിപ്പെടുത്തൽ, നേരിട്ട് കുറ്റപ്പെടുത്തുക, നികൃഷ്ടമായി പെരുമാറുക, ശാരീരികമായി ആക്രമിക്കുക മുതലായ കുറ്റകൃത്യങ്ങൾക്കും ഇരയാകേണ്ടിവരുന്നു ഏഷ്യാക്കാർ. അറ്റ്ലാന്റയിലെ സ്പായിൽ നടന്ന വെടിവയ്പ്പിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. അതിൽ ആറു സ്ത്രീകൾ ഏഷ്യാക്കാർ ആയിരുന്നു. തുടർന്ന് ഇന്ത്യനാപോളിസിലെ വെടിവയ്പ്പിൽ നാല് ഇന്ത്യൻ വംശജരാണ് കൊല്ലപ്പെട്ടത്. ഏഷ്യൻ അമേരിക്കക്കാരോടുള്ള സ്പർദ്ധ സംഭവങ്ങളെ കുറിച്ചുള്ള വിവരശേഖരണം നടത്തുന്ന “സ്റ്റോപ്പ് എ എ പി ഐ ഹേറ്റ്” എന്ന പ്രസ്ഥാനത്തിനു രണ്ടു വര്ഷം കൊണ്ട് പതിനോരായിരത്തി നാനൂറ് സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവയെല്ലാം തന്നെ സംഭവങ്ങൾക്കിരയായവരുടെ സ്വയം റിപ്പോർട്ടുകൾ ആയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടില്ലാത്ത സംഭവങ്ങളുടെ കണക്കുകളെ നിജപ്പെടുത്താനാകില്ല. മറ്റൊരു സർവേയിൽ എട്ട് ഏഷ്യാക്കാരിൽ ഒരാളെങ്കിലും വിവേചനത്തിന് ഇരയായെന്നാണ് കണ്ടത്.
അമേരിക്കൻ ജനസംഖ്യയുടെ ഏഴു ശതമാനം വരുന്ന ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡർ കമ്മ്യൂണിറ്റി അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ജനവിഭാഗമത്രെ! ഇതിൽ ചൈനക്കാർ, ഫിലിപ്പിനോകൾ, ഇന്ത്യക്കാർ, വിയറ്റ്നാംകാർ, പാകിസ്ഥാനികൾ എന്നീ വിഭാഗങ്ങൾ ഏറ്റവും വലിയ ഗ്രൂപ്പുകളായി സെൻസസ് കണക്കുകൾ പറയുന്നു. ഏഷ്യൻ അമേരിക്കക്കാർക്കെതിരെ ഉയർന്നു വന്ന ശത്രുതയും സംശയവും അമേരിക്കയിലെ ഇരുപത്തിമൂന്നു ദശലക്ഷം വരുന്ന ഏഷ്യൻ ജനവിഭാഗത്തെ തന്നെ ബാധിച്ചിരിക്കുന്ന കാര്യമാണ്. ഏഷ്യൻ അമേരിക്കൻ വിരുദ്ധ സ്പർധയ്ക്കു ഇരയായവരും അവരുടെ പ്രിയപ്പെട്ടവരും അവരുമായി ബന്ധപ്പെട്ടവരും ഭീതിയിലും അന്യതാബോധത്തിലും വിഷാദത്തിലും കഴിയേണ്ട ഗതികേട് അനേകം പേർക്ക് ഉണ്ടായിട്ടുണ്ട്. പൗരാവകാശസംരക്ഷണത്തിനും നീതിലഭ്യതയ്ക്കും വേണ്ടി വാദിക്കുന്ന ഏഷ്യൻ അമേരിക്കൻസ് അഡ്‌വാൻസിങ് ജസ്റ്റിസ്, ഏഷ്യൻ സ്ത്രീകളുടെ പിന്തുണയ്ക്കായി പ്രവർത്തിക്കുന്ന നാഷണൽ ഏഷ്യൻ പസിഫിക് അമേരിക്കൻ വുമൺ’സ് ഫോറം ഏഷ്യൻ അമേരിക്കൻ അഡ്വക്കസി ഫണ്ട്, തുല്യതയ്ക്കും അവസരങ്ങൾക്കും സ്ത്രീകളെ പാർശ്വവൽക്കരണത്തിൽ നിന്ന് തടയാനും മുന്നിൽ നിൽക്കുന്ന കൊയാലിഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് മുതലായ സംഘടനകൾ വിവേചനത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും പ്രാദേശീയവും ദേശീയവുമായ നടപടികൾക്കും വേണ്ടി സംഘടിതമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിൽ അവസാനം പറഞ്ഞ സംഘടനയുമായി പങ്കുചേർന്നു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കും സജീവമായി പ്രവർത്തിക്കുകയാണ്.
സേഫ്റ്റി, ഇക്വിറ്റി ആൻഡ് ഹാർമണി ഫോർ എ എ പി ഐ എന്ന തലക്കെട്ടിൽ അഡൽഫൈയിലെ തോമസ് ഡിക്‌സൺ ലവ്ലി ബോൾ റൂമിൽ വച്ച് ചർച്ച നടന്നു. പ്രൊഫസർ കാറ്റിരിയ ഗോൺസാലെസ് സ്വാഗതം ആശംസിച്ചു പാനലിസ്റ്റുകളെ പരിചയപ്പെടുത്തി. ഔദ്യോഗിക റിപ്പോർട്ടുകളും കണക്കുകളും മറ്റു വസ്തുതകളും വിഡിയോ ക്ലിപ്പുകളും അവതരിപ്പിച്ച് പാനലംഗങ്ങൾ ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡർ കമ്യൂണിറ്റിക്കകത്തെ വിഷമാവസ്ഥകളെ അവലോകനം ചെയ്യുകയും നിലവിലെ അവസ്ഥയെ ലഘൂകരിക്കുവാനുള്ള തെളിവിലധിഷ്ഠിതമായ തന്ത്രങ്ങൾ ശുപാര്ശ ചെയ്യുകയും ചെയ്തു. തുറന്ന മനസ്സോടെ മറ്റു വിദ്യാർത്ഥികളുമായി സംഭാഷണം നടത്തുന്നതിന് മുൻകൈ എടുക്കണമെന്നും വർണ്ണത്തിന്റെയോ സംസ്കാരത്തിന്റെയോ വ്യതിരിക്തതയില്ലാതെ തുല്യാവകാശത്തോടെ, ഉത്തരവാദിത്വത്തോടെ സഹപാഠികളുമായും സഹപ്രവർത്തകരുമായും സന്മനസ്സോടെ തങ്ങളുടെ ചരിത്രം സംഭാഷണവിഷയം ആക്കുന്നതിനു വിമുഖത കരുതരുതെന്നും ബോൾ റൂമിലും സൂമിലും പങ്കെടുത്ത പ്രേക്ഷകരായ വിദ്യാർത്ഥികളോട് പാനലിസ്റ്റുകൾ ആഹ്വാനം ചെയ്തു. അഡൾഫൈ യൂണിവേഴ്സിറ്റി അസോഷിയേറ്റ് പ്രൊഫസർ ഡോ. ജാനറ്റ് രാമൻ, ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ചാൾസ് കാൽ എന്നിവർ അവരുടെ അനുഭവങ്ങളെയും വീക്ഷണങ്ങളെയും അവതരിപ്പിച്ചു. ഐനാനി നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു.
പ്രോഗ്രാമിന്റെ ആസൂത്രണസമയം മുതൽ അവസാനം വരെ എല്ലാം ഭംഗിയായി നടക്കുന്നതിനു പ്രയത്നിച്ച ഡോ. കെയ്റ്റ്ലിൻ മക്എൽറോയ്ക്കും പാനലിലെ ഡോ. അന്നാ ജോർജിനും പോൾ പനയ്ക്കലിനും ഡോ. മേഴ്‌സി ജോസഫിനും മോഡറേറ്റർ ഡോ. ആനി ജേക്കബ് അഭിനന്ദനവും നന്ദിയും പറഞ്ഞു.

പോൾ ഡി പനയ്ക്കൽ