ന്യൂയോർക്ക്: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. അമേരിക്കയിൽ കെന്റക്കി സംസ്ഥാനത്തിലെ ലൂയിവിലെ നഗരത്തിലെ ഒരു ബാങ്കിലാണ് വെടിവെയ്പ്പും കൊലപാതകവും നടന്നത്. ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടെതായാണ് വിവരം. അക്രമിയടക്കമുള്ള അഞ്ച് പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഓൾഡ് നാഷണൽ ബാങ്കിലാണ് വെടിവെയ്പ്പ് നടന്നത്.
ബാങ്കിലെ മുന്‍ ജീവനക്കാരനാണ് അക്രമിയെന്നാണ് വിവരം. ഇക്കാര്യം പൊലീസ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ബാങ്കിനകത്ത് കയറി അക്രമി കോണ്‍ഫറന്‍സ് റൂമിനകത്തേക്ക് തോക്കുമായെത്തിയ ശേഷമായിരുന്നു അക്രമം നടത്തിയതെന്നാണ് സൂചന. കോൺഫറൻസ് റൂമിനകത്ത് അക്രമി ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസും എഫ് ബി ഐയും അന്വേഷണം തുടങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 
            


























 
				
















