ഷാറൂഖ് സെയ്‌ഫിയെ ഷൊർണൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട്: എലത്തൂർ ട്രെയിൻ ആക്രമണ കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ചു. സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ആദ്യം പ്രതി ആക്രമണത്തിനായി പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടി. പ്രതിയെ കാണാൻ വലിയ ജനക്കൂട്ടമാണ് ഇവിടെ തമ്പടിച്ചത്. പിന്നീട് ഇവിടെ നിന്ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. ഇവിടെ അടുത്തുള്ള കടകളിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ഇവിടെയും വൻ ജനക്കൂട്ടം തമ്പടിച്ചിരുന്നു. പൊലീസ് കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്.

ആക്രമണ ദിവസം പുലർച്ചെ നാല് മണിയോടെ ഷൊർണൂരിലെത്തിയ പ്രതി വൈകീട്ട് ഏഴ് മണിവരെ ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. 15 മണിക്കൂറോളം സമയം പ്രതി ഇവിടെ എന്ത് ചെയ്യുകയായിരുന്നുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് ശേഷം റെയിൽപാളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ ഒരു പാത്രത്തിൽ അന്ന് പാചകം ചെയ്ത ഭക്ഷണം കണ്ടെത്തിയിരുന്നു. പ്രാദേശികമായ സഹായം പ്രതിക്ക് ലഭിച്ചുവെന്ന സംശയം ഇതിലൂടെ ബലപ്പെട്ടിരുന്നു. ഇതിലെല്ലാം വ്യക്തത വരുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.

പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ കിട്ടി എട്ടാം നാളാണ് ഇന്ന്. രാവിലെ കേസിൽ നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയെ ട്രെയിനിൽ കണ്ട മട്ടന്നൂര്‍ സ്വദേശികളായ യാത്രക്കാരെ കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാംപില്‍ എത്തിച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പ്രതിയുമായി രൂപ സാദൃശ്യമുള്ളവരെയും ഇവിടേക്ക് എത്തിച്ചിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.

പ്രത്യേക അന്വേഷണ സംഘം ഇന്നലെ സാക്ഷികളുടെ വീടുകളിലെത്തി വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവ ദിവസം നടന്ന മുഴുവൻ കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ആക്രമണം നടത്തിയ ശേഷം കണ്ണൂരില്‍ എത്തുന്നതിന് മുൻപ് പ്രതി വസ്ത്രം മാറിയെന്ന വിവരത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടാണെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. എങ്കിലും പ്രതി കണ്ണൂരില്‍ എത്തുമ്പോള്‍ നീല ജീന്‍സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. കൈവശമുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടിട്ടും എലത്തൂര്‍ സ്റ്റേഷനില്‍ നിന്ന് കണ്ണൂരില്‍ എത്തും മുൻപ് ഇയാള്‍ക്ക് മാറാനുളള വസ്ത്രം മറ്റാരെങ്കിലും നല്‍കിയതാണോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.