കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് സെഷൻസ് കോടതി തള്ളിയതതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. അദാനി വിഷയം ഉയർത്തിയതിന് വേട്ടയാടുന്നു എന്ന വാദം ശക്തമാക്കി ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം. ഗുജറാത്ത് സെഷൻസ് കോടതി വിധി വരുന്നതിന് തൊട്ടുമുമ്പാണ് അദാനിയെ പ്രധാനമന്ത്രി സഹായിക്കുന്നു എന്ന വിഡിയോ രാഹുൽ ഗാന്ധി വീണ്ടും പുറത്തിറക്കിയത്. അയോഗ്യത തുടരുന്ന രാഹുൽ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാമെങ്കിലും നിയമനടപടികൾ വൈകാനുള്ള സാധ്യതയുണ്ട്. കോടതികൾ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുളളിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം കിട്ടണം.
 
            


























 
				
















