ഇന്ത്യയുടെ സാമ്പത്തികനില വളരെ സുരക്ഷിതം: ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍

വാഷിങ്ടണ്‍ ഡിസി: ഇന്ത്യയുടെ സാമ്പത്തികനില കോവിഡിനുശേഷം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വളര്‍ച്ച ഉണ്ടാക്കുകയും സുരക്ഷിതവുമാണെന്ന് ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സന്ധുവിന്‍റെ വാഷിങ്ടണ്‍ ഡിസിയിലുള്ള വസതിയില്‍ അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ഇന്ത്യക്കാരെ ക്ഷണിച്ചുകൊണ്ട് ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനും അമേരിക്കയുടെ കൊമേഴ്സ് സെക്രട്ടറി ജീനാ റെയ്മണ്ടേയ്ക്കും സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ വെച്ചാണ് ഇന്ത്യയുടെ ഫിനാന്‍സ് മിനിസ്റ്റര്‍ ഇന്ത്യയുടെ സാമ്പത്തികനില കോവിഡിനുശേഷം മറ്റ് രാജ്യങ്ങളെ വെച്ചു നോക്കുമ്പോള്‍ വളരെ വളര്‍ച്ച ഉണ്ടാക്കുകയും സുരക്ഷിതവുമാണെന്ന് പ്രസ്താവിച്ചത്.
അതുപോലെതന്നെ വിവിധ മതങ്ങളും ഭാഷകളുമുള്ള ഇന്ത്യയുടെ വൈവിധ്യം ഏറ്റവും മികച്ചതാണെന്നും അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നു സംസാരിച്ച അമേരിക്കയുടെ കൊമേഴ്സ് സെക്രട്ടറിയും മുന്‍ റോഡ് അയലന്‍ഡ് ഗവര്‍ണറുമായിരുന്ന ജീനാ റെയ്മണ്ടോ, താന്‍ ഈയിടെ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിലെ അനുഭവങ്ങള്‍ വിവരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. സാമ്പത്തികരംഗത്തും വാണിജ്യരംഗത്തും ഇരുരാജ്യങ്ങളും വളരെ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. വളരെയധികം വാണിജ്യ കരാറുകള്‍ക്ക് തന്‍റെ സന്ദര്‍ശനവേളയില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുകയുമുണ്ടായതായും അവര്‍ അനുസ്മരിച്ചു.
അമേരിക്കയിലെ വിവിധ വ്യവസായ, സാമൂഹിക പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. മലയാളികളെ പ്രതിനിധീകരിച്ച് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡണ്ട് ഗ്ലാഡ്സണ്‍ വര്‍ഗീസ്, മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ്, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ചെയര്‍മാന്‍ ഡോ. ജോസഫ് ചാലില്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ മതങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.