The Real Kerala Story

സിന്ധു നായർ,ബോസ്റ്റൺ

ഞങ്ങൾ മലയാളികൾ ഇങ്ങനെ ഒക്കെ ആണ് സാറേ.. ഞങ്ങൾ കാണേണ്ടാത്തത് കാണും, കേൾക്കേണ്ടാത്തത് കേൾക്കും. എന്നാലോ കാണേണ്ടത് പലതും കാണുകയുമില്ല
. അല്ലെങ്കിൽ തന്നെ നമ്മളെന്തിനാ ‘ആവശ്യമില്ലാത്ത’ കാര്യങ്ങളിൽ കയറി ഇടപെടുന്നത്?.. ആരെങ്കിലും, ആരെയെങ്കിലും പീഡിപ്പിക്കുകയോ അല്ലെങ്കിൽ കുത്തിക്കൊല്ലുകയോ പാമ്പ് കടിപ്പിച്ച് കൊല്ലുകയോ ഒക്കെ ചെയ്യട്ടെ അപ്പോൾ നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു post ഇടാം.. മുതലക്കണ്ണീർ ഒഴുക്കാം.. അതു വരെ, നമ്മുടെ കുടുംബത്തിൽ കേറി കളിക്കാത്തിടത്തോളം, നമുക്കെന്ത് ചേതം. ആരാൻ്റെ അമ്മ ചത്താൽ നമുക്കെന്താ…

ആരുടെ ജീവനും വില ഇല്ലാത്ത നാട്ടിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതകൾക്ക് നേരെ നമുക്ക് കണ്ണടയ്ക്കാം.. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ ഉളളവർ അപകടങ്ങളിൽ പെട്ട് ശ്വാസമറ്റ് പോകുമ്പോഴും സോഷ്യൽ മീഡിയകളിലും ടിവി ചാനലുകളിലും കയറി ഇരുന്ന് തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ നിസ്വാർത്ഥ സേവനങ്ങളെ പറ്റി ഘോരം ഘോരം പ്രസംഗിക്കാം..കലക്ക വെള്ളത്തിൽ കൈ നനയാതെ മീൻ പിടിക്കാം..
ആശുപത്രിയിൽ ലഹരി കൊണ്ട് ആറാടിയവൻ്റെയും ബസ്സിൽ മനുഷ്യനായി നിലകൊണ്ടവൻ്റെയും രാഷ്ട്രീയം ചികഞ്ഞ്, അന്യോന്യം ചെളി വാരിയെറിഞ്ഞും ഹാരമർപ്പിച്ചും ഹരം കൊള്ളാം.. ലഹരി എന്ന കൊടും വിപത്തിനെതിരെ പോരാടാതെ, സംഘടിക്കാതെ, കേരളം കൊട്ടിഘോഷിക്കുന്ന ആരോഗ്യപരിപാലനത്തിൻ്റെ നേർചിത്രമായ ആശുപത്രികളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ശബ്ദം ഉയർത്താതെ, നിരായുധരായ പോലീസിൻ്റെ നിഷ്ക്രിയത്വവും നിർവീര്യതയും കാണാതെ, ആരോഗ്യമന്ത്രിയുടെ വായിൽ നിന്ന് വീണ experienced എന്ന വാക്കിൽ കടിച്ചു തൂങ്ങി കിടക്കാം. ഒരമ്മയുടെയും അച്ഛൻ്റെയും ഏക മകളുടെ, മരണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരുത്തൻ തകർത്ത അവളുടെ സ്വപ്നങ്ങളുടെ, ആ മാതാപിതാക്കൾ അവസാനമായി തൊട്ട ആ കുഞ്ഞിൻ്റെ കൈയുടെ ചൂടിൻ്റെ, വാത്സല്യമാർന്ന ഗന്ധത്തിൻ്റെ ഓർമ്മകളെ ഒക്കെ പാടെ വിസ്മരിച്ച്, മതവും ലഹരിയും കൊണ്ട് ഭ്രാന്ത് പിടിച്ച അതീവാപകടകാരികളായ അദ്ധ്യാപകരും ഉസ്താദുമാരും പുരോഹിതന്മാരും ഒക്കെ അടക്കി ഭരിക്കുന്ന വിദ്യാലയങ്ങളിലേക്കും മതപഠനശാലകളിലേക്കും കുഞ്ഞുങ്ങളെ പറഞ്ഞയയ്ക്കാം.. ബസ്സിൽ വെച്ച് അപമര്യാദയായി പെരുമാറിയവനെതിരെ പ്രതികരിക്കുന്ന മിടുക്കികുട്ടികളുടെ ധൈര്യത്തെ കാണാതെ അവളുടെ വസ്ത്രത്തെയും ഇംഗ്ലീഷ് ഭാഷയിലുള്ള അവളുടെ സംസാരത്തിനെയും വളരെ വൃത്തികെട്ട രീതിയിൽ അസഭ്യം എഴുതിയും വിമർശിച്ചും പരിഹസിക്കാം. അവളുടെ ഒപ്പം നിന്ന നല്ല മനസ്സുള്ള കണ്ടക്ടറുടെയും ഡ്രൈവറുടെയും മനുഷ്യത്വപരമായ പ്രവൃത്തിയ്ക്കും ഒരു സ്ത്രീയെ കണ്ടപ്പോഴേ കാമപരവശനായ് പോയ മഹാൻ്റെ ‘സദ്പ്രവൃത്തി’യ്ക്കും ജാതിയുടെയും മതത്തിൻ്റെയും രാഷട്രീയത്തിൻ്റെയും തോരണം ചാർത്തി അലങ്കരിക്കാം, ചേരി ചേർന്ന് അങ്ങോട്ടും ഇങ്ങോട്ടും അങ്കം വെട്ടാം. യഥാർത്ഥ പ്രശ്നങ്ങളെ ഒക്കെ നമുക്ക് സൗകര്യപൂർവ്വം അങ്ങ് മറക്കാം. ഇത്രയ്ക്കൊയേ ഞങ്ങളെ കൊണ്ട് പറ്റൂ..ഇതിൽ കൂടുതൽ നിർബന്ധിക്കരുത്…

ഓരോ വ്യക്തിയുടെയും വസ്ത്രസ്വാതന്ത്ര്യമടക്കം ഉള്ള കാര്യങ്ങൾ തീരുമാനിച്ച്, ഇന്നലത്തെ KSRTC സംഭവത്തിൽ, നീ എന്തിനാ നോക്കാൻ പോയത്, വിവാഹം കഴിക്കാത്ത നിനക്ക് നല്ല പരിചയം ഉണ്ടോ ഇതൊക്കെ, നിൻ്റെ zib ആദ്യം ഇടൂ, നിന്നെ കണ്ടാലേ അറിയാം പോക്കാണെന്ന്, ആണുങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ ചെയ്തിരിക്കും എന്ന് തുടങ്ങി ഈ വിധം വിധി കൽപ്പിക്കുന്നവരോടും മലയാളിസ്ത്രീകളെ കണ്ട് വികാരം ഉണരുന്ന ഞരമ്പന്മാരോടും ഒരു ചോദ്യം .. ഒരു വിദേശരാജ്യത്ത് ആണെങ്കിൽ, ഇത് പോലെ ഒരു ബസ്സിൽ, ഏത് തരം വസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീകളായാലും, അവരെ കാണുമ്പോൾ, ഇത് പോലെ അവരുടെ അടുത്തിരുന്ന് ഇവന്മാർ തങ്ങളുടെ ലൈംഗിക ദാരിദ്ര്യം കാണിക്കാൻ ധൈര്യപ്പെടുമോ? ഇരുപത്തിമൂന്ന് വർഷത്തെ വിദേശവാസത്തിൻ്റെ ബലത്തിൽ ഞാൻ ഉറപ്പ് പറയുന്നു.. ഒരിക്കലുമില്ല.
നമ്മുടെ നാട്ടിൽ, ബസ്സിലും ട്രെയിനിലും തുടങ്ങി പല പബ്ലിക് സ്ഥലങ്ങളിലും സ്ത്രീകൾ നിസ്സഹായതയോടെ, അവനവനെ പോലും വെറുത്തു പോകത്തക്ക രീതിയിൽ മാന്യന്മാരിൽ നിന്നും (വയസ്സൻമാരിൽ നിന്ന് വരെ) സഹിക്കുന്ന നിശ്ശബ്ദപീഡനങ്ങളുടെ കണക്കെടുത്താൽ അറിയാം, ഭാരതം കൊട്ടിഘോഷിക്കുന്ന സംസ്ക്കാരത്തിൻ്റെ മാഹാത്മ്യം.

കേരളം വിട്ടാൽ നമുക്ക് ട്രാഫിക് നിയമങ്ങൾ ഉൾപ്പടെ ഉള്ള എല്ലാ നിയമങ്ങളും പാലിക്കാൻ അറിയാം.. മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കാനാറിയാം.. പെട്ടെന്ന് നന്മ മരങ്ങൾ ആകുന്നതുകൊണ്ടല്ല, വിദേശത്ത് ജയിലിൽ കയറിയാൽ, ഗോവിന്ദച്ചാമികൾ ആയി അല്ല പരിഗണിക്കപ്പെടുന്നത് എന്ന ഭയമുള്ളത് കൊണ്ടാണ്..

നമ്മുടെ നാട്ടിൽ ആർക്കും എന്തും ആകാം, ആരെയും ഒറ്റ കമൻ്റ് കൊണ്ട് സ്വഭാവദൂഷ്യം ഉള്ളവർ ആക്കാം, വീട്ടിൽ ഇരിക്കുന്നവരെ വരെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കാൻ ലൈസൻസ് ഉള്ള മലയാളി ഡാ..

ലജ്ജയില്ലേ മനുഷ്യരേ.. ഇങ്ങനെ അധ:പതിക്കാൻ.

ചമ്പൂർണ്ണ ചാച്ചരത…