ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ഷൂട്ടിംഗ് വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും

കൊച്ചി: ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

‘കിംഗ് ഓഫ് കൊത്ത’ ഷൂട്ടിംഗ് വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. രണ്ട് ദിവസത്തെ ചില പാച്ച് ഷൂട്ടുകള്‍ മാത്രമാണ് ബാക്കി. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാഗം ഷൂട്ട് തീര്‍ന്നുവെന്നാണ് വിവരം. ഓണത്തിനായിരിക്കും ‘കിംഗ് ഓഫ് കൊത്ത’ തീയറ്ററില്‍ എത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള മലയാള ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.‘കിംഗ് ഓഫ് കൊത്ത’യുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസം മുന്‍പ് ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

നേരത്തെ തമിഴ്നാട്ടിലെ കാരക്കുടിയില്‍ ചിത്രത്തിന്റെ 90 ദിവസത്തിലേറെ നീണ്ട ഷൂട്ട് പാക്ക് അപ് ആയ സമയത്ത് അണിയറക്കാര്‍ ഒരു ടീസര്‍ പുറത്തുവിട്ടിരുന്നു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വീഡിയോയിയില്‍ കഥാപാത്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും ദുല്‍ഖര്‍ പറയുന്നുണ്ട്. തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ എന്നാണ് അത്.