ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണസംഖ്യ 280

ഭുവനേശ്വർ : രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മരണസംഖ്യ 280 കടന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ 238 പേര്‍ മരിച്ചെന്നാണ് റെയില്‍വേ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  അപകടത്തിൽപ്പെട്ട ട്രെയിനിലെ ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി. ബോഗിക്കകത്ത് മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ബോഗി മുറിച്ച് മാറ്റി തെരച്ചിൽ നടത്താനാണ് രക്ഷാപ്രവർത്തകരുടെ സംഘത്തിന്റെ ശ്രമം.

രാജ്യത്തെ നടുക്കിയ വൻദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ മലയാളികൾ. ഒഡിഷയിലെ ബലസോറിൽ ബനഹ​ഗ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഏഴ് മണിയോടെയാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഇതുവരെ 280 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തൃശൂരിൽ നിന്നുള്ള നാലം​ഗസംഘം ഉൾപ്പെടെ ഒ‍ഡിഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളികൾ. ദുരന്ത നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവരുടെ വാക്കുകളിൽ നിന്നും ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ പറയുന്നു. കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നീ നാല് പേരും. ബാലസോറിൽ വെച്ച് അപകടമുണ്ടായി. രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്ന് പരിക്കേറ്റ അന്തിക്കാട് സ്വദേശി കിരൺ പറഞ്ഞു.