ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം റോക്‌ ലൻഡിൽ

സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്സി:  ഗതകാല സ്മൃതികളുണർത്തി ചങ്ങനാശ്ശേരി എസ്‌. ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം  ന്യൂയോർക്കിലെ റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ വച്ച് നടന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശ്ശേരി എസ്‌. ബി കോളേജ് മുൻ പ്രിസിപ്പൽ റെവ. ഡോ. ജോർജ്‌ മഠത്തിപ്പറമ്പിൽ മുഖ്യ അതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ ജോർജ് അച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി.ജൂൺ 17 – ന് ശനിയാഴ്ച  നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലാഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികൾ പങ്കെടുത്തു.ബഹുമാനപ്പെട്ട ഡോ. ജോർജ്‌ മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് ടോം പെരുമ്പായിൽ സദസ്സിനെ സ്വാഗതം ചെയ്തു സംസാരിച്ചു. ജോർജ് അച്ചൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ എല്ലാ പൂർവ എസ്‌. ബി, അസംപ്‌ഷന്‍ കുടുംബാങ്ങൾക്കും തന്റെ നന്ദിയും, സ്നേഹവും അറിയിച്ചതോടൊപ്പം, എസ്ബി കോളജിൻറെ ഉത്ഭവത്തിന്‌ നമ്മുടെ പൂർവീകർ നൽകിയ സംഭാവനകളെക്കുച്ചു ഓർമ്മിപ്പിച്ചു.

അതോടൊപ്പം  ഇന്ന് അതിന്റെ ഫലം അനുഭവിക്കുന്ന നമ്മുടെയൊക്കെ ഉത്തവാദിത്വത്തെക്കുറിച്ചും, കർത്തവ്യത്തെക്കുറിച്ചും, എസ്.ബി കോളേജിന്റെ വികസന പദ്ധതികളി നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ പങ്കാളിത്തം എന്ത് രീതിയിൽ പ്രയോജനപ്പെടുത്തണമെന്നതിനെക്കുറിച്ചും പ്രതിപാദിച്ചു സംസാരിച്ചു.പൂർവ വിദ്യാർത്ഥിയായിരുന്ന റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ വികാരി ബഹുമാനപ്പെട്ട ഫാ. റാഫേൽ അമ്പാടൻ സദസ്സിന് ആശംസ അർപ്പിച്ചു സംസാരിച്ചു. ഇതേ തുടർന്ന്‌  എസ്ബിയിലെ പൂർവ വിദ്യാർത്ഥിയും, അമേരിക്കയിൽ സയിന്റിസ്റ്റുമായ തോമസ് കോലോക്കോട്ടിനെ സദസ്സിൽ  ആദരിച്ചു.

ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ അയവിറക്കുന്നതിനും, പൂർവകാല കലാലയ സ്മരണകളും, പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും, സുഹൃദ്ബന്ധങ്ങളും, പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും വേണ്ടി ഒരുക്കിയിരുന്ന ഈ സൌഹൃദസംഗമം മറക്കാനാവാത്ത അനുഭവമായിമാറി.റോക്‌ലാൻഡ്  ഹോളി ഫാമിലി ദേവാലയത്തിന്റെ ട്രസ്റ്റി  സക്കറിയ വടകരയുടെ നന്ദി പ്രകാശനത്തോടെ യോഗനടപടികൾ അവസാനിച്ചു. തുടർന്ന് താങ്ക്സ് ഗിവിങ്ങ് ഡിന്നറും ഒരുക്കിയിരുന്നു.