വിഞ്ജാനത്തോടൊപ്പം വിനോദവുമായി ഫാമിലി/യൂത്ത് കോൺഫറൻസ്

ഉമ്മൻ കാപ്പിൽ & ജോർജ് തുമ്പയിൽ
ആത്മീയതയ്ക്കും വേദപഠനത്തിനും പ്രാധാന്യം കൊടുക്കുന്ന ഫാമിലി /യൂത്ത് കോൺഫറൻസിൽ വിശ്രമത്തിനും വിനോദത്തിനും മതിയായ അവസരങ്ങൾ ഉണ്ടെന്ന് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് സംഘാടകർ അറിയിച്ചു.
ജൂലൈ 12 ബുധനാഴ്ച മുതൽ ജൂലൈ 15 ശനിയാഴ്ച വരെ പെൻസിൽവേനിയ ഡാൽട്ടൻ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കുന്ന കോൺഫറൻസിൽ രണ്ടാം ദിവസം കായിക കലാ പരിപാടികൾക്കും വിനോദത്തിനും ഊന്നൽ കൊടുത്തിട്ടുണ്ട്. ജൂലൈ 13 വ്യാഴാഴ്ച ഉച്ചകഴിഞ് സ്പോർട്സ് & ഗെയിംസ് ക്രമീകരിച്ചിട്ടുണ്ട്. റിട്രീറ്റ് സെന്റർ ക്യാമ്പസ്സിൽ പുതുതായി നിർമിച്ച വോളീബോൾ കോർട്ടിൽ വോളീബോൾ ടൂർണമെന്റ് നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കായിക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സ്പോർട്സ് കോർഡിനേറ്റർ ഐറീൻ ജോർജ് അറിയിച്ചു.
സന്ധ്യ നമസ്കാരത്തിനു ശേഷം കലാ സന്ധ്യയും ഒരുക്കിയിട്ടുണ്ട്. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽനിന്നു വ്യക്തികളും ഗ്രൂപ്പുകളുമായി സംഗീത, നൃത്ത കലാപരിപാടികൾ ചേർന്ന കലാവിരുന്ന് കാതിനും കണ്ണിനും കുളിർമ പകരുമെന്ന് കലാസന്ധ്യയുടെ കോർഡിനേറ്റർ ജേക്കബ് ജോസഫ് അറിയിച്ചു.
ബൈബിൾ, പാരമ്പര്യം, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കി ആത്മീയ പോഷണത്തിന് യോഗ്യമായ കലാപരിപാടികളാണ് അനുവദനീയമായിട്ടുള്ളത്.
കലാ പരിപാടികൾ അവതരിപ്പിക്കുവാൻ ഇനിയും താല്പര്യമുള്ളവർക്ക് ജൂലൈ ബുധനാഴ്ച്ച രജിസ്ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ജേക്കബ് ജോസഫ് കൂട്ടിച്ചേർത്തു.