ലോക്സഭാ തിരഞ്ഞെടുപ്പ് ; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും. ഒന്നാംഘട്ട പട്ടികയില്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു.

കുറഞ്ഞത് അഞ്ചു മണ്ഡലത്തിലെങ്കിലും കേരളത്തില്‍ വിജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. വിജയസാധ്യത ഏറ്റവും കൂടുതല്‍ കല്‍പിക്കപ്പെടുന്ന ഈ സീറ്റുകളില്‍ മൂന്നെണ്ണത്തിലാകും അടുത്തയാഴ്ചയോടെ പ്രഖ്യാപനമുണ്ടാവുക. ഇതിലൊന്നാണ് തൃശ്ശൂര്‍.

മണ്ഡലത്തില്‍ നേരത്തെ തന്നെ ബിജെപി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനര്‍ഥിയാവുന്ന സുരേഷ് ഗോപി ബൂത്ത് ഭാരവാഹികളെ നേരില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തൃശ്ശൂരും ഉള്‍പ്പെടുകയെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.