തമിഴക ഭരണം പിടിക്കാൻ ദളപതി

നടന്‍ വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായ മാറിയിരിക്കുകയാണ് തമിഴകം. ലോകസഭ തിരഞ്ഞെടുപ്പില്‍ തന്റെ പുതിയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം ‘ മത്സരിക്കില്ലെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരാധകരുടെ പിന്തുണ നേടിയെടുക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കംശ്രമിക്കുന്നത്. 39 ലോകസഭ സീറ്റുകളാണ് നിലവില്‍ തമിഴകത്തുളളത്. ഇതില്‍ 38 ഉം 2019- ലെ തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് ഡി.എം.കെ സഖ്യമാണ്. ഇത്തവണയും ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം മുന്നോട്ട് പോകുന്നത്. അണ്ണാ ഡി.എം.കെയും – ബി.ജെ.പിയും വേര്‍പിരിഞ്ഞ് മത്സരിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍  മുഴുവന്‍ സീറ്റുകളും തൂത്തുവാരാന്‍ കഴിയുമെന്നാണ് ഡി.എം.കെ സഖ്യം പ്രതീക്ഷിക്കുന്നത്. ഡി.എം.കെയ്ക്കു പുറമെ, കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കം ഉള്‍പ്പെടുന്നതാണ് ഈ സഖ്യം.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ , വിജയ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ , ഘടക കക്ഷികളെ ഒപ്പംനിര്‍ത്തേണ്ടത് ഡി എംകെ യുടെ ബാധ്യതയാണ്. അതുകൊണ്ടു തന്നെ , കഴിഞ്ഞ തവണത്തെ സീറ്റ് നില തുടരാന്‍ തന്നെയാണ് സാധ്യത. നിലവില്‍ സി.പി.എം , സി. പി. ഐ പാര്‍ട്ടികള്‍ക്ക് രണ്ട് വീതം എം.പിമാര്‍ ഉണ്ട്. ഈ നാല് സീറ്റുകളിലും അവര്‍ തന്നെ മത്സരിക്കട്ടെ എന്നതാണ് ഡി.എം.കെ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ , മറ്റൊരു ഘടക കക്ഷിയായ കോണ്‍ഗ്രസ്സില്‍ സ്ഥിതി വ്യത്യസ്തമാണ്. സീറ്റിനായി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ പിടിവലി രൂക്ഷമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച, 10 സീറ്റികളിലാണ് ഇത്തവണയും കോണ്‍ഗ്രസ്സ് മത്സരിക്കുക. കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ വിജയ സാധ്യതയെ ബാധിക്കരുതെന്ന കര്‍ക്കശ നിലപാട് ഡി.എം.കെ നേതൃത്വവും ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്.

ഭരണപക്ഷത്തെ അവസ്ഥ ഇതാണെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അവസ്ഥ മറ്റൊന്നാണ്. അണ്ണാ ഡി.എം.കെ പല കഷ്ണങ്ങളായി പിളര്‍ന്നുകഴിഞ്ഞു. ബി.ജെ.പിയും സ്വന്തം നിലയ്ക്ക് മത്സരിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ അണ്ണാമലൈ ആണ് ബി.ജെ.പി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മോദിയെ മുന്‍ നിര്‍ത്തി നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അണ്ണാമലൈ നടത്തിയ പദയാത്രയിലെ ജനപങ്കാളിത്വമാണ് ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ഏതാനും സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നതാണ് കാവിപ്പടയുടെ പ്രതീക്ഷ.

മറ്റു ചില പ്രാദേശിക പാര്‍ട്ടികളും മത്സര രംഗത്തുണ്ടെങ്കിലും , ഇതൊന്നും തന്നെ ഈ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന് ഭീഷണിയാകാന്‍ സാധ്യതയില്ല. ഭൂരിപക്ഷ സീറ്റുകളിലും, ഡി.എം.കെ സഖ്യം തന്നെ വിജയിക്കാനാണ് സാധ്യത. മൊത്തം സീറ്റുകളും അവര്‍ തൂത്തുവാരിയാല്‍ പോലും…അത്ഭുതപ്പെടാനില്ല. തമിഴകത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും അതു തന്നെയാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ , 2026 – ലെ അവസ്ഥ ഇതാകില്ല. ശക്തമായ വെല്ലുവിളി ഡി.എം.കെയ്ക്ക് നേരിടേണ്ടതായി വരും. അതിന് പ്രധാനകാരണം , ദളപതിയുടെ സാന്നിധ്യം തന്നെയാണ്. തമിഴക വെട്രി കഴകത്തിന്റെ കന്നിമത്സരം തമിഴ്‌നാട് രാഷ്ട്രീയത്തെ പ്രകംമ്പനം കൊള്ളിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വിജയ് ഒരു രാഷ്ട്രീയ മുന്നണി സൃഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ മുന്നണിയിലേക്ക് ഇടതുപക്ഷ പാര്‍ട്ടികളെയും , കോണ്‍ഗ്രസ്സിനെയും വിജയ് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. അണ്ണാ ഡി.എം.കെയിലെ നല്ലൊരു വിഭാഗം ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം ദളപതിയുടെ പാര്‍ട്ടിയില്‍ ചേക്കേറാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനായ , ഉദയനിധി സ്റ്റാലിനായിരിക്കും , നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെയെ നയിക്കുക. അതാകട്ടെ വ്യക്തവുമാണ്. സ്റ്റാലിന്‍ മകനെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുമ്പോള്‍  അതു തന്നെ പ്രധാന ആയുധമാക്കി കടന്നാക്രമിക്കാനാണ് , വിജയ് ശ്രമിക്കുക. കുടുംബ വാഴ്ചക്കെതിരായ പോരാട്ടമാക്കി , 2026 നെ മാറ്റാനാണ് തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. അപ്പോഴേക്കും സര്‍ക്കാര്‍ വിരുദ്ധ വികാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കു കൂട്ടലം…ദളപതിക്കുണ്ട്.

തമിഴ്‌നാട്ടിലെ കുഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന ആരാധക സംഘടനയാണ് ദളപതിക്കുള്ളത്. ‘വിജയ് മക്കള്‍ ഇയക്കമെന്ന’ ആ സംഘടന, തമിഴക വെട്രി കഴകമായി മാറുന്നതോടെ ദളപതിക്കും കാര്യങ്ങള്‍ എളുപ്പമാകും. താഴെ തട്ടുമുതല്‍ , ജനങ്ങളെ സംഘടിപ്പിച്ച്  പ്രവര്‍ത്തനസജ്ജമാക്കുക എന്നതാണ് , വിജയ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിരവധി കാരുണ്യ പ്രവര്‍ത്തികളിലൂടെ വര്‍ഷങ്ങളായി തമിഴകത്തെ നിറ സാന്നിധ്യമാണ് വിജയ് മക്കള്‍ ഇയക്കം. ഓരോ ജില്ലകളിലും ലക്ഷക്കണക്കിന് ആരാധകരാണ് ഈ സംഘടനയ്ക്കുള്ളത്. ഇതില്‍ സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും വന്‍ പങ്കാളിത്വം , എടുത്തു പറയേണ്ടതു തന്നെയാണ്.

വിജയ് മക്കള്‍ ഇയക്കം ‘തമിഴക വെട്രി കഴകമായി ‘ മാറുന്നതിനെ , രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നതും ഈ കരുത്തു കണ്ടുതന്നെയാണ്. ഒരു കോടി അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യമായി ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പും തയ്യാറാക്കുന്നുണ്ട്. വരുന്ന ഏപ്രില്‍ മാസത്തില്‍.. വമ്പന്‍ ഒരു സമ്മേളനം നടത്തി തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ കരുത്ത് കാട്ടാനാണ് വിജയ് ഒരുങ്ങുന്നത്.തമിഴകത്തെ ഒന്നാംനമ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത് , ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടെയാണ് ഞെട്ടിച്ചിരിക്കുന്നത്. ഒരു സിനിമയ്ക്ക് 200 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരം വലിയ സാഹസമാണ് കാട്ടിയിരിക്കുന്നതെന്നാണ് അവര്‍ വിലയിരുത്തുന്നത്.

എന്നാല്‍ , രാഷ്ട്രീയത്തെ പണം സമ്പാദിക്കാനുള്ള വേദിയാക്കി മാറ്റുന്ന രാഷ്ട്രീയക്കാര്‍ ഏറെ ഉള്ള നാട്ടില്‍ , തനിക്ക് ഉണ്ടാക്കാന്‍ സാധിക്കുന്ന സമ്പാദ്യങ്ങള്‍ എല്ലാം വേണ്ടന്നുവച്ച ദളപതിക്ക് , ഒരു വീര പരിവേഷമാണ് ഇപ്പോള്‍ തമിഴകത്ത് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ അത് പ്രകടവുമാണ്. 49 വയസ്സ് പിന്നിടുന്ന വിജയ് , രാഷ്ട്രീയത്തില്‍ വളരെ ചെറുപ്പമാണെന്നതും , അദ്ദേഹത്തിന് പോസ്റ്റീവായ ഘടകമാണ്.

VIJAY

സിനിമാ താരങ്ങളെ ദൈവ തുല്യം സ്‌നേഹിക്കുന്ന തമിഴകത്ത്  ഈ ആരാധക പിന്തുണയില്‍ മുഖ്യമന്ത്രിയായി ആദ്യം ചരിത്രം സൃഷ്ടിച്ചത് , എം.ജി. രാമചന്ദ്രനാണ്. എം.ജി ആറിന്റെ പിന്‍ഗാമിയായി എത്തിയ ജയലളിതയും , തമിഴകത്തെ മുന്‍ നിര നായിക നടിയായിരുന്നു. ഈ പാതയിലാണിപ്പോള്‍ ദളപതിയും സഞ്ചരിക്കുന്നത്. സോഷ്യല്‍ മീഡിയ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പുതിയ കാലത്ത് , ദളപതിയെ പോലെയുള്ള ഒരു മാസ് ഹീറോയുടെ പാര്‍ട്ടിക്ക്, ജനങ്ങളില്‍ അവരുടെ നിലപാട് എത്തിക്കുക എന്നത് , എളുപ്പത്തില്‍ സാധിക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പുകളില്‍ വന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് , നിരവധി തവണ രാജ്യത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംസ്ഥാനമാണ് തമിഴ്‌നാട്.അതു കൊണ്ടു തന്നെ, ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയുമില്ല.