ഗാനഗന്ധര്‍വന്‍ യേശുദാസിനെ ഡാളസിലെ വസതിയില്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

പി പി ചെറിയാന്‍

ഡാളസ് : അമേരിക്കയില്‍ ഡാളസിലെ വസതിയില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനെ മോഹന്‍ലാല്‍.സന്ദര്‍ശിച്ചു. ഈയിടെയാണ് ഡാളസിലെ വസതിയില്‍  ഗാനഗന്ധവന്‍ യേശുദാസിന്റെ 84 -മത് ജന്മദിനം ആഘോഷിച്ചത്.

മലയാളികളുടെ അഭിമാനമായ രണ്ട് അതുല്യ പ്രതിഭകളെ ഒരേ ഫ്രെയിമില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഗാനഗന്ധര്‍വന്റെ വസതിയില്‍ മോഹന്‍ലാല്‍ എത്തിയത് സുഹൃത്തുക്കളായ കെ.മാധവനും (Country Head of Star & Disney India), മോഹന്‍രാജിനും ഒപ്പമായിരുന്നു.

പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ  വീട്ടില്‍ ചെന്ന് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ എന്ന കുറിപ്പോടെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ബറോസിന്റെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍.മാര്‍ച്ച് 28ന് റിലീസ് ചെയ്യുന്ന ബറോസ് ത്രീഡിയിലാണ് ഒരുങ്ങുന്നത്.രണ്ട് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.