താനൂര്‍ കസ്റ്റഡി കൊലപാതകം; മര്‍ദനം മരണത്തിലേക്ക് നയിച്ചതായി ഫൊറന്‍സിക് സര്‍ജന്‍

മലപ്പുറം: താനൂരിലെ താമിര്‍ ജിഫ്രിയുടെ കൊലപാതകത്തില്‍ ഫൊറന്‍സിക് സര്‍ജന്റെ മൊഴിയെടുത്ത് സിബിഐ.താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചത് മര്‍ദനത്തെത്തുടര്‍ന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം ബുധനാഴ്ച മഞ്ചേരി മെഡിക്കല്‍കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ടി.പി. ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തപ്പോഴാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് ഇദ്ദേഹമാണ്.

ഡിവൈ.എസ്.പി. കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് രാവിലെ 11 മണിയോടെ മെഡിക്കല്‍കോളേജ് ഫൊറന്‍സിക് വിഭാഗത്തിലെത്തി മൊഴിയെടുത്തത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിനു മുന്‍പും രണ്ടെണ്ണം ശേഷവും സംഭവിച്ചതാണെന്നായിരുന്നു കണ്ടെത്തല്‍. ഈ മുറിപ്പാടുകള്‍ എങ്ങനെ സംഭവിച്ചുവെന്നും ഇത് മരണകാരണമായിട്ടുണ്ടോ എന്നുമാണ് അന്വേഷണസംഘം പ്രധാനമായി ചോദിച്ചത്. ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ അടിയാണ് ഈ നീര്‍ക്കെട്ടിന് പ്രധാന കാരണമെന്നാണ് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. അമിത അളവിലുള്ള ലഹരി ഉപയോഗവും നീര്‍ക്കെട്ടിനു കാരണമായി.

ശരീരത്തില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നുണ്ടായ മുറിപ്പാടുകള്‍ വ്യക്തമാക്കുന്ന ഫോട്ടോകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ സ്വാധീനിക്കാന്‍ അന്നത്തെ ജില്ലാപോലീസ് മേധാവി സുജിത്ത് ദാസ് ശ്രമിച്ചിരുന്നോ എന്ന കാര്യവും സി.ബി.ഐ. ആരാഞ്ഞു. ജില്ലാ പോലീസ് മേധാവി തന്നെ വന്നുകണ്ടിരുന്നുവെന്നും എന്നാല്‍ റിപ്പോര്‍ട്ടിനെ അദ്ദേഹം ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും ഡോക്ടര്‍ മറുപടിനല്‍കി.

2023 ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ തൃപ്തരാകാത്തതിനെത്തുടര്‍ന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സി.ബി.ഐ.ക്കു വിട്ടത്. സംഭവത്തില്‍ എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരിപ്പോള്‍ സസ്‌പെന്‍ഷനിലാണ്.