സംസ്ഥാനത്ത് ചൂട് ഉയരുന്നു; ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 °C വരെ ചൂട് ഉയരാനാണ് സാധ്യത. പകല്‍ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവില്‍ 28°c നും 30°c ഇടയിലാണ്. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത കൂടുതല്‍.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്ത് സാധാരണയിലും കൂടുതല്‍ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വേനല്‍ മഴ പൊതുവെ സാധാരണ നിലയിലായിരിക്കും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറവ് വേനല്‍ മഴയ്ക്കാണ് സാധ്യത. കേരള തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.