കാര്‍മ്മല്‍ തോമസ്
ചിക്കാഗോ: ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ 2024-ലെ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാദിനവും ലമ്പാര്‍ഡിലുള്ള സെന്‍റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച രാവിലെ നടത്തപ്പെട്ടു. റവ. എബി എം. തോമസ് തരകന്‍റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു ശേഷം വന്ദ്യവൈദികരും കൗണ്‍സില്‍ അംഗങ്ങളും പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. തദവസരത്തില്‍ ലമ്പാര്‍ഡ് സെ. തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഗായകസംഘം പ്രാര്‍ത്ഥനാഗാനം ആലപിച്ചു.
വേള്‍ഡ് ഡേ ഓഫ് പ്രെയറിന്‍റെ ചെയര്‍മാന്‍ റവ. അജിത് കെ. തോമസ് ഏവര്‍ക്കും സ്വാഗതമാശംസിച്ചു. തുടര്‍ന്നു നടന്ന അദ്ധ്യക്ഷപ്രസംഗത്തില്‍ എക്യു. കൗണ്‍സില്‍ പ്രസിഡണ്ട് വെരി റവ. സ്കറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്കോപ്പ “നമ്മുടെ ഓരോ പ്രവൃത്തിയിലും ദൈവപ്രീതി നേടുക എന്നതാണ് മനുഷ്യപ്രീതി നേടുക എന്നതിലും ഏറെ അഭികാമ്യം” എന്ന മഹത് സന്ദേശം നല്കി.
അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ ഉദ്ഘാടന പ്രഭാഷണത്തില്‍ ക്രൈസ്തവ സഭകള്‍ പരസ്പര സൗഹൃദം പങ്കുവെച്ചുകൊണ്ട് നമ്മുടെ വിശ്വാസപാരമ്പര്യം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത സമൂഹത്തെ ഓര്‍മ്മപ്പെടുത്തി. അഭി. അങ്ങാടിയത്ത് പിതാവും കൗണ്‍സില്‍ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് 2024-ലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. എക്യു. കൗണ്‍സില്‍ വിമന്‍സ് ഫോറം കണ്‍വീനര്‍, വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സാറാ വര്‍ഗീസ് പ്രോഗ്രാം എംസി ആയിരുന്നു.
പ്രാര്‍ത്ഥനയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീന്‍ രാജ്യത്തിന്‍റെ സംസ്കാരം, ചരിത്രം, ഭൂപ്രകൃതി, ജീവിതരീതി എന്നിവ സാറാ വര്‍ഗീസ് പവര്‍ പോയിന്‍റില്‍ അവതരിപ്പിച്ചു. എഫേ. 4:1-7 വാക്യങ്ങളെ ആസ്പദമാക്കി തെരഞ്ഞെടുത്ത ‘ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു… സ്നേഹത്തില്‍ അന്യോന്യം പൊറുക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഈ വേദഭാഗം ലിന്‍സി ജോണ്‍ വായിച്ചു. ഈ വിഷയത്തെ ആസ്പദമാക്കി നടന്ന അനുതാപ, സമാധാന, മദ്ധ്യസ്ഥ, സ്തോത്രപ്രാര്‍ത്ഥനകള്‍ക്ക് ഷിനു നൈനാന്‍, ഡെല്‍സി മാത്യു, വര്‍ഷ സഖറിയ, കാര്‍മല്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കി. പലസ്തീനിലെ സ്ത്രീകളുടെ അനുഭവകഥകള്‍ സൂസന്‍ ചാക്കോ, സൂസന്‍ സാമുവല്‍, സൂസന്‍ ഇടമല എന്നിവര്‍ പങ്കുവെച്ചു. സമാധാനഗാനം അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും ഗായകസംഘത്തോടൊപ്പം സമൂഹം ആലപിച്ചു. ഗാനശുശ്രൂഷകള്‍ക്ക് ജേക്കബ് ജോര്‍ജ് നേതൃത്വം നല്കി.
വേള്‍ഡ് ഡേ ഓഫ് പ്രെയറിന്‍റെ സന്ദേശം നല്കിയ ബിനു അജിത്ത് കൊച്ചമ്മ “സഹജീവികളെ കൈകൊടുത്ത് ഉയര്‍ത്തി എടുക്കുന്നതാണ് ഏറ്റം ഉദാത്തമായ മാനുഷിക ഭാവം” എന്ന് ഉദ്ബോധിപ്പിച്ചു. ദുരിതം അനുഭവിക്കുന്ന പാലസ്തീനിന് സംഭാവന നല്കുന്നതിന് സ്തോത്രകാഴ്ചകള്‍ എടുക്കുകയും റവ. ജോ വര്‍ഗീസ് മലയില്‍ അതിന്മേല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. സാറാ വര്‍ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ക്രിസ്തുവിന്‍റെ സമാധാനം എന്നര്‍ത്ഥമുള്ള ‘സലാം അല്‍മസി’ ഏവരും അന്യോന്യം ആശംസിച്ചു. റവ. അജിത് കെ. തോമസിന്‍റെ സമാപനപ്രാര്‍ത്ഥനയ്ക്ക് ശേഷം അഭി. അങ്ങാടിയത്ത് പിതാവ് ആശീര്‍വാദ പ്രാര്‍ത്ഥന നടത്തി. ലമ്പാര്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച് സേവികാസംഘം ഒരുക്കിയ വിരുന്നോടെ സമ്മേളനം സമാപിച്ചു.  
 
- Cover story
- NEWS
- INTERNATIONAL
- KERALAM
- National
- NRI
- politics
- SOCIAL MEDIA
- SPECIAL STORIES
- THE WIFI supplement
- USA & CANADA
 
            


























 
				
















