ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍

ന്യൂഡൽഹി : ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്പോഴും ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്.ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. കേന്ദ്ര നേതൃത്വം നേരിട്ടിടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. എഐസിസി നേതൃത്വമടക്കം അനുനയത്തിന് ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല.

കെ കരുണാകരന്‍റെ മകള്‍ ബിജെപിയിലെന്നത് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ മികച്ച ഓപ്പറേഷനായാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാന ഘടകത്തെ കാര്യങ്ങളൊന്നും ധരിപ്പിക്കാതെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കങ്ങള്‍. ചര്‍ച്ചകള്‍ക്കായി പല കുറി പദ്മജ ദില്ലിയില്‍ വന്നു. ജെ പി നദ്ദയുള്‍പ്പടെയുള്ള നേതാക്കളുടെ നിരീക്ഷണത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഓഫര്‍ മുതൽ ഗവര്‍ണ്ണര് പദവി വരെ ചര്‍ച്ചകളിലുണ്ടെന്നാണ് വിവരം. ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കണം എന്നാണ് നിർദ്ദേശം. അങ്ങനെയെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.

പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് ജെപി നദ്ദയുമായി പദ്മജ അവസാന വട്ട ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രിയും പദ്മജയെ കാണും. കോണ്‍ഗ്രസ് അനുനയത്തിന് ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് കാലത്തെ തിരിച്ചടി ഒഴിവാക്കാന്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മുന്നില്‍ പദ്മജ ഉപാധികള്‍ വച്ചു. ഇനി കോണ്‍ഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് തരുമെന്ന ഉറപ്പ് നല്‍കണം. പരാതിപ്പെട്ട നേതാക്കള്‍ക്ക് നല്‍കിയ പദവികള്‍ തിരിച്ചെടുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചു. അതേസമയം കോൺഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങൾ നല്കിയിട്ടും പദ്മജയ്ക്ക് വിജയിക്കാനായില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.