മുസ്‌ലിങ്ങളെ ഇനിയും രാമക്ഷേത്ര വിഷയത്തിൽ കെട്ടിയിടരുത്’; മലപ്പുറം ലോക്സഭാ എൻ.ഡി.എ സ്ഥാനാർത്ഥി എം. അബ്ദുൾ സലാം

മലപ്പുറം: മുസ്ലിംലീഗിന് എൻ.ഡി.എ മുന്നണിയിൽ ചേരാൻ പറ്റിയ സമയമാണിതെന്ന് മലപ്പുറം ലോക്സഭാ എൻ.ഡി.എ സ്ഥാനാർഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി.സിയുമായ ഡോ. എം. അബ്ദുൾ സലാം. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പലവിഷയങ്ങളിലും പാണക്കാട് തങ്ങളുടെ കൂടെയാണ്. ബാബറി മസ്ജിദ് തകർത്ത സമയത്ത് സംഘർഷമുണ്ടാകാതിരിക്കാൻ അന്നത്തെ തങ്ങൾ എടുത്ത നിലപാട് അഭിനന്ദനാർഹമാണ്.രാമക്ഷേതത്തിന്റെ ശിലാസ്ഥാപനത്തിന്റെ സമയത്ത് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത് മുസ്‌ലിങ്ങളെ ഇനിയും രാമക്ഷേത്ര വിഷയത്തിൽ കെട്ടിയിടരുത് എന്നുതന്നെയാണ്. തന്നെ വി.സി.യാക്കിയതിൽ മുസ്ലിം ലീഗിനോട് നന്ദിയുണ്ട്. എന്നാൽ ബിജെപിയെ ഇപ്പോഴും ഒരു മുസ്ലിംവിരുദ്ധ പാർട്ടിയായി മുദ്രകുത്തുന്നത് ശരിയല്ലെന്നും ഡോ. അബ്ദുസലാം പറഞ്ഞു. അഞ്ചുകോടി മുസ്ലിങ്ങളുള്ള ഉത്തർ പ്രദേശിൽ അവർ സംതൃപ്തരാണ്. പതിമൂന്നിലേറെ അന്തർദേശീയ ബഹുമതികൾ മോദിക്ക് ലഭിച്ചതിൽ ഏഴെണ്ണവും മുസ്ലിം രാജ്യങ്ങളിൽനിന്നാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് നിർത്തിയതല്ല, ഇരട്ടിപ്പുവരാതിരിക്കാൻ പേരുമാറ്റി പുതിയത് കൊണ്ടുവരുന്നതാണ്. ബിജെപിക്കെതിരേ നുണക്കഥകൾ ഉണ്ടാക്കുകയാണ് ഒരുകൂട്ടം രാഷ്ട്രീയക്കാർ.