ദില്ലി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 370 അനുഛേദത്തിന്റെ പേരിൽ കോൺഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പറ്റിച്ചു. കോൺഗ്രസ് ഒരു കുടുബത്തിന്റെ താൽപര്യം മാത്രം നോക്കിയാണ് പ്രവർത്തിച്ചതെന്നും മോദി കുറ്റപ്പെടുത്തി. പ്രത്യേക പദവി റദ്ദാക്കിയ ശേഷം മികച്ച മാറ്റങ്ങൾ ജമ്മു കശ്മീരിലുണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് പുതിയ ജമ്മു കശ്മീരാണ്. വലിയ വികസന പ്രവർത്തനങ്ങൾ ജമ്മു കശ്മീരിൽ നടക്കുകയാണ്. പതിറ്റാണ്ടുകളിലായി ഇവിടുത്തെ ജനങ്ങൾ ഇതിനാണ് കാത്തിരിക്കുകയാണ്. ടൂറിസം രംഗത്തും ജമ്മു കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് ആര് പോകുമെന്ന് ചോദിച്ചവരുണ്ട്, ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർദ്ധനവുണ്ടായി. 2014 മുതൽ ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസ് ജയിക്കാനാണ് താൻ ശ്രമിച്ചതെന്നും മോദി പറഞ്ഞു.
 
            


























 
				
















