പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം കവർന്നെടുക്കുന്നതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം കവർന്നെടുക്കുന്നതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം മൂലം പൗരത്വം നഷ്ടപ്പെടുമെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ന്യൂനപക്ഷങ്ങളോട് കള്ളം പറയുകയാണെന്നും അമിത് ഷാ പറഞ്ഞു. സിഎഎ ഒരു ഇന്ത്യക്കാരൻ്റെയും പൗരത്വം എടുത്തുകളയില്ല, പക്ഷേ അത് നൽകുമെന്ന് അമിത് ഷാ പറഞ്ഞു. ഹൈദരാബാദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘സിഎഎ മൂലം ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് ഒവൈസിയും ഖാർഗെയും രാഹുൽ ഗാന്ധിയും കള്ളം പറയുകയാണ്. ആരുടേയും പൗരത്വം കവർന്നെടുക്കാൻ സിഎഎയിൽ വ്യവസ്ഥയില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു’ അമിത് ഷാ പറഞ്ഞു. രാജ്യത്തുടനീളം ഇത് നടപ്പാക്കുന്നതിന് വഴിയൊരുക്കി കേന്ദ്രസർക്കാർ നിയമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ പരാമർശം.

സിഎഎയെ മല്ലി​ഗാർജുൻ ഖാർഗെയും ഒവൈസിയും വിമർശിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ളകേന്ദ്ര സർക്കാരിന്റെ നീക്കത്തെ ഖാർ​ഗെ ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള തീവ്രശ്രമമാണെന്നായിരുന്നു ഖാർ​ഗെ പറഞ്ഞത്.

നിയമം മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുമെന്ന് ഒവൈസിയും പറഞ്ഞു. സിഎഎയോടുള്ള എതിർപ്പുകൾ അതേപടി നിലനിൽക്കുന്നതായി ഒവൈസി അറിയിച്ചു. സിഎഎ നിയമം ഭിന്നിപ്പുണ്ടാക്കുന്നതും മുസ്ലിമുകളെ രണ്ടാം രണ്ടാതരം പൗരന്മാരായി മാറ്റാൻ ആ​ഗ്രഹിക്കുന്ന ​ഗോഡ്സേയുടെ ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒവൈസി എക്സിൽ കുറിച്ചു.

പൗരത്വ ഭേ​ദ​ഗതി നിയമത്തിൽ കോൺഗ്രസിൻ്റേത് പ്രീണന രാഷ്ട്രീയമെന്ന് അമിത് ഷാ ആരോപിച്ചു. ‘സിഎഎ കൊണ്ടുവരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. സ്വാതന്ത്ര്യലബ്ധി മുതൽ കോൺഗ്രസ് സിഎഎയെ എതിർത്തിരുന്നു, അതേസമയം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പീഡനം നേരിടുന്ന അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്ന് ഞങ്ങളുടെ ഭരണഘടനാ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോൺഗ്രസ് അതിനെ എതിർത്തു’, അമിത് ഷാ പറഞ്ഞു.