തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ തിരുവനന്തപുരത്തെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ തലസ്ഥാനത്തിന്റെയും കേരളത്തിന്റെയും വികസനത്തിന് വേണ്ടിയാവും ചുവടുവെപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍ പോസ്റ്ററിലൂടെ അറിയിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ഏറെക്കുറെ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. പന്ന്യന്‍ രവീന്ദ്രനാണ് സിപിഐ സ്ഥാനാര്‍ത്ഥി. ശശി തരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇത്തവണയും ജനവിധി തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തലസ്ഥാനത്ത് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റേത് അടക്കം പേരുകള്‍ ഉയര്‍ന്നിരുന്നു.
 
            


























 
				
















