പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിന് ഇടം ലഭിച്ചില്ല.

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിന് ഇടം ലഭിച്ചില്ല. വാഹനത്തിൽ മോദിക്കൊപ്പം നിൽക്കാൻ ഇടം ലഭിക്കാത്തതിനെ തുടർന്ന് പരിഭവിച്ച് അബ്ദുൾ സലാം മടങ്ങിപ്പോയി. പട്ടികയിൽ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, എസ്പി ജി ലിസ്റ്റിൽ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്.കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറായ അബ്ദുള്‍ സലാം 2019ലാണ് ബിജെപിയിലെത്തിയത്. 195 ലോക് സഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒരേയൊരു മുസ്ലിം മുഖമായിരുന്നു അബ്ദുള്‍ സലാം. തിരൂര്‍ സ്വദേശിയായ അദ്ദേഹം 2011 മുതല്‍ 2015 വരെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്നു.
അതേസമയം, ഇത്രയും തിരക്കുള്ളപ്പോൾ ഇതൊക്കെ സ്വാഭാവികമല്ലേ എന്ന പ്രതികരണമാണ് അബ്ദുൾ സലാം മാധ്യമങ്ങൾക്ക് നൽകിയത്. തനിക്ക് പരിഭവമില്ല, മലപ്പുറത്തെ സ്ഥാനാർത്ഥിയാണെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. അദ്ദേഹം ഓക്കെ എന്ന് മറുപടി നൽകിയെന്നും ഷേക്ഹാൻഡ് നൽകിയെന്നും അബ്ദുൾ സലാം പ്രതികരിച്ചു. എന്നാൽ, മാധ്യമങ്ങളോട് നിരാശ പ്രകടിപ്പിച്ചില്ലെങ്കിലും ഡൽഹിയിൽ നിന്നു വന്ന ലിസ്റ്റല്ലേ എന്ന ചോദ്യത്തിന് അതൊന്നും പറയേണ്ട എന്ന് അദ്ദേഹം പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ചതായി വിവരമുണ്ട്. പരസ്യമായി പ്രതിഷേധിക്കേണ്ടതില്ല എന്ന നിലപാടാണ് അബ്ദുൾ സലാം സ്വീകരിക്കുന്നതെന്നാണ് സൂചന.

മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ള നേതാക്കളാണ് സ്വീകരിച്ചത്. പിന്നാലെ അദ്ദേഹം റോഡ് മാർഗ്ഗം കോട്ടമൈതാനത്തെത്തി. അഞ്ചുവിളക്ക് പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. പാലക്കാട്, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു