ശ്രീകുമാർ ഉണ്ണിത്താൻ്റെ ” നൊമ്പരങ്ങളുടെ പുസ്തകം ” പുസ്തക പ്രകാശനം മാർച്ച് 24 ന്

അടൂർ: അമേരിക്കൻ മലയാളികളിലെ ശ്രദ്ധേയനയ എഴുത്തു കാരനും , സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും , ഫൊക്കാന നേതാവുമായ ശ്രീകുമാർ ഉണ്ണിത്താൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ” നൊമ്പരങ്ങളുടെ പുസ്തകം “2024 മാർച്ച് 24 ന് വൈകുന്നേരം അടൂർ ന്യൂ ഇന്ദ്ര പ്രസ്ഥ ഹോട്ടലിൽ ചലചിത്ര സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ പ്രകാശനം ചെയ്യും. ചിറ്റയം ഗോപകുമാർ എം. എൽ. എ, സാഹിത്യകാരൻ പ്രദീപ് പനങ്ങാട് , ഫൊക്കാന പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും .
ശ്രീകുമാർ ഉണ്ണിത്താൻ്റെ ഭാര്യ ഉഷ ഉണ്ണിത്താൻ്റെ അകാല നിര്യാണത്തിന് ശേഷം അദ്ദേഹം സോഷ്യൽ മീഡിയയിലും ഇ മലയാളി ഡോട്ട് കോമിലും എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
കഴിഞ്ഞ മുപ്പത് വർഷമായി അമേരിക്കൻ മലയാളി സാഹിത്യ സാംസ്കാരിക മേഖലകളിൽ സംഘടനാ രംഗത്തും നിറ സാന്നിദ്ധ്യമാണ് ശ്രീകുമാർ ഉണ്ണിത്താൻ. അടൂർ മണക്കാല കോടംവിളയിൽ സുകുമാരൻ ഉണ്ണിത്താൻ്റേയും ശാന്തമ്മ ഉണ്ണിത്താൻ്റേയും മകനായ ശ്രീകുമാർ ഉണ്ണിത്താൻ കേരളത്തിൽ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നു. 1994 അമേരിക്കയിൽ എത്തിയ ശേഷവും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം എഴുത്തിലേക്കും തിരിഞ്ഞു. ഫൊക്കാന ഉൾപ്പെടെ വിവിധ സംഘടനകളുടെ പി. ആർ. ഒ ആയി പ്രവത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി ഫൊക്കാന പി. ആർ. കൂടിയാണ്.
ജീവിതാനുഭവങ്ങളിൽ നിന്നും അദ്ദേഹം കോറിയിടുന്ന അദ്ദേഹത്തിൻ്റെ എഴുത്തുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. തൻ്റെ ഏകാന്ത നിമിഷങ്ങളിൽ മനസ്സിന് സന്തോഷം നൽകുന്ന ഒന്നായി തൻ്റെ എഴുത്തുകൾ മാറുന്നു. അമ്മയും, ഭാര്യയുമായിരുന്നു കരുത്ത് ‘ കഴിഞ്ഞ വർഷം അമ്മയും, പിന്നീട് ഭാര്യയും മരിച്ചത് വലിയ ഷോക്കായി. അമേരിക്കൻ ജീവിതത്തിൽ ഭാര്യയുടെ മരണം ഉണ്ടാക്കിയ പ്രശ്നങ്ങൾ, ഒറ്റപ്പെലുകൾ ഒക്കെ തരണം ചെയ്ത കുറിപ്പുകൾ ആണ് ഈ പുസ്തകമായി വെളിച്ചം കാണുന്നതെന്ന് ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.അമ്മയെ കുറിച്ച് അച്ഛൻ എഴുതിയ ഓർമ്മക്കുറിപ്പുകൾ പുസ്തകമാക്കുവാൻ മക്കളായ ശിവ ഉണ്ണിത്താനും വിഷ്ണു ഉണ്ണിത്താനും ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു .
മാർച്ച് 24 ന് വൈകിട്ട് അടൂരിൽ നടക്കുന്ന ചടങ്ങിൽ എല്ലാവരേയും നേരിട്ട് ഷണിക്കുന്നതായി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു