ബാലനാണെന്റെ ദുഃഖം

ബാലചന്ദ്രമേനോൻ
ഈ കുറിപ്പ് ഇന്ന് വൈകിട്ട് എന്റെ സോഷ്യൽ മീഡിയ പേജിൽ വരുമ്പോഴേക്കും എന്റെ സുഹൃത്തായ ബാലൻ അഗ്നി ശുദ്ധി വരുത്തി പരലോക പ്രാപ്തനായേക്കാം .
ഒരു വിഷമമേ എനിക്കുള്ളൂ …
ഏറ്റവും ഒടുവിൽ തിരുവനന്തപുരത്തു വന്നപ്പോഴും രണ്ടു തവണ ഞാൻ ബാലനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. പ്രതികരണമുണ്ടായില്ല . (പിന്നീട് ബാലന്റെ ഭാര്യ അനിത പറയുമ്പോഴാണ് അറിയുന്നത് ബാലൻ ക്ഷീണിതനായി, സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ഇരുന്നപ്പോഴാണ് ഞാൻ ഫോണിൽ വിളിച്ചത് എന്ന് )
തിരിച്ചു കൊച്ചിയിൽ എത്തി അധികം കഴിയും മുൻപ് അനിത എന്റെ ഭാര്യ വരദയെ വിളിച്ചു ബാലന്റെ മോശമായ ആരോഗ്യ നില അറിയിച്ചു . അതനുസരിച്ചു ഞാൻ തിരുവന്തപുരത്തേക്കു പോകാനുള്ള ഒരുക്കങ്ങളും തുടങ്ങി . എന്നാൽ അപ്രതീക്ഷിതമായി എനിക്കുണ്ടായ food poisoning എന്റെ എല്ലാ പരിപാടികളും മാറ്റി മറിച്ചു .
അധികം വൈകും മുൻപേ ബാലന്റെ മകൻ അനന്തുവിന്റെ ഫോൺ വന്നു .
ബാലൻ അവസാനിച്ചു എന്ന അപ്രിയ സത്യം അവൻ വെളിപ്പെടുത്തി .
“അങ്കിൾ അല്ലെ അച്ഛനെ സിനിമയുമായി ആദ്യമായി ബന്ധപ്പെടുത്തിയത് ? അതുകൊണ്ടു അങ്കിളിനെ നേരിട്ട് വിളിച്ചു പറയണമെന്ന് കരുതി …”
അനന്തു പറഞ്ഞത് ശരിയാണ് . ബാലന്റെ ഗാന്ധിമതി ഫിലിംസിനു തുടക്കമിട്ടത് ഞാൻ സംവിധാനം ചെയ്ത “ഇത്തിരി നേരം ഒത്തിരി കാര്യം ” എന്ന ചിത്രമായിരുന്നു . ശ്രീ ജോൺ ആരംഭിച്ച ആ ചിത്രം ഏറ്റെടുത്തു പൂർത്തിയാക്കിയതും തിയേറ്ററിൽ വിജയകരമായി 50 ദിവസങ്ങൾ ഓടിയതും എല്ലാം ബാലന്റെ നല്ലൊരു തുടക്കമായിരുന്നു . അവിടുന്ന് തുടങ്ങിയ ബാലന്റെ ജൈത്രയാത്ര പത്രക്കാരുടെ ഏകകണ്ഠമായ അഭിപ്രായങ്ങൾ കടമെടുത്താൽ മുപ്പതോളം “ക്ലാസ്സിക് സിനിമകളുടെ ശില്പി” എന്ന ഖ്യാതിയും ബാലന് നേടിക്കൊടുത്തു . നായികമാരെ മാത്രമല്ല നല്ല പ്രൊഡ്യൂസറേയും മലയാള സിനിമക്കു നല്ല രാശിയോടെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അനല്പമായ സന്തോഷം എനിക്കുണ്ട് ..
ബാലൻ എനിക്ക് ദീർഘനാളായി പരിചയമുള്ള ഒരു കുടുംബ സുഹൃത്താണ് . ഞാൻ ആദ്യം പരിചയപ്പെടുമ്പോൾ ബാലന്റെ മകൾ സൗമ്യക്ക് മൂന്നോ നാലോ വയസ്സേയുള്ളു എന്നാണു എന്റെ ഓർമ്മ . എന്റെയും എന്റെ സഹോദരി സുഷമയുടെയും കല്യാണം എന്ന് വേണ്ട എന്റെ സിനിമാജീവിതത്തിലെ ആഘോഷങ്ങൾക്കെല്ലാം ബാലന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്റെ കല്യാണ നാളിൽ ഞാൻ കുടുംബക്ഷേത്രത്തിൽ വെച്ച് വരദയുടെ കഴുത്തിൽ താലി കെട്ടിയതും ആൾക്കൂട്ടത്തിൽ എങ്ങു നിന്നോ കുതിച്ചെത്തിയ ബാലൻ ഒരു പൊതി എന്റെ കയ്യിൽ തിരുകി ” താലി കെട്ടിയ ശേഷമുള്ള ആദ്യത്തെ അഡ്വാൻസ് എന്റെയാ …മറക്കണ്ട …”എന്ന് പറഞ്ഞതും, ഞാൻ ഓർത്തു പോകുന്നു
ആരും അധികം കാണാത്ത ഒരു കവിഹൃദയത്തിന്റെ ഉടമയായ ബാലൻ, കടമ്മനിട്ട കവിതകളുടെ ഒരു ഉപാസകനായിരുന്നു .”പൂച്ചയാണെന്റെ ദുഃഖം …’എന്ന് കണ്ണടച്ചു ബാലൻ ആലപിക്കുന്നത് എന്റെ കണ്മുന്നിൽ നിൽക്കുന്നു . അതു പോലെ തന്നെ നല്ല ഒരു ആതിഥേയൻ കൂടിയായിരുന്നു. ഏതു ഹോട്ടലിൽ പോയാലും എന്റെ മെനു ‘ഇഡ്ഡലി ദോശ’യിൽ തീരും . എന്നാൽ ബാലൻ കൂടെയുണ്ടെങ്കിൽ നാം ഇന്നതു വരെ കണ്ടിട്ടില്ലാത്ത ‘ഐറ്റംസ് ‘ ബാലൻ ചൂഴ്ന്നെടുത്തുകൊണ്ടു വരും . ഞാൻ ജീവിതത്തിൽ ആദ്യമായി ‘കാടയിറച്ചിയും ‘ ആടിന്റെ ‘ബ്രെയിൻ ഫ്രൈ ‘ എല്ലാം ഈ ലോകത്തുണ്ടെന്നറിയുന്നതു ബാലനിലൂടെയാണ്. പാചകത്തിന്റെ കാര്യത്തിൽ ബാലന്റെ ഭാര്യ അനിതയും ഒട്ടും മോശമല്ല . ആ കൈപ്പുണ്യം നന്നായി ഞാനും വരദയും എറെ ആസ്വദിച്ചിട്ടുണ്ട്..
സൗമ്യമായ ചിരിയോടെ അത് വെച്ച് വിളമ്പാനും അനിതക്ക് ഒരു മടിയുമില്ല താനും …
ബാലനെ ഞാൻ മലയാള സിനിമക്ക് പരിചയപ്പെടുത്തിയതു പോലെ ബാലന്റെ സന്മനസ്സു കൊണ്ടു എന്റെ മറ്റൊരു സുഹൃത്തിനെ കൂടി ഒരു പുതിയ മേഖലയിൽ അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി . അതും ഒരു ഗംഭീര വിജയമായി എന്ന് തന്നെ പറയാതെ വയ്യ .
ആരാണെന്നല്ലേ ?
നാളെ, എന്റെ FB പേജിൽ ഇതേ സമയം, നിങ്ങൾക്കു ബാലന്റെ വാക്കുകളിലൂടെ അത് കേൾക്കാം..
ഇത്രയും എഴുതി തീർന്നപ്പോൾ, അനുവാദമില്ലാതെ തന്നെ എന്റെ കണ്ണുകൾ സജലങ്ങളായി… അതെ ബാലൻ…അതിനെ കുറ്റപ്പെടുത്തേണ്ട ..ആ കണ്ണീർ നിങ്ങൾക്കു അവകാശപ്പെട്ടതാണ്, എന്റെ ഭാര്യയുടെയും മക്കളുടെയും ഒരു പക്ഷെ മരിച്ചു പോയ എന്റെ അച്ഛനമ്മമാരുടെയും സാന്നിധ്യം ആ കണ്ണീരിനുണ്ടെന്നു കരുതിക്കൊള്ളു ….
നിങ്ങളുടെ ശബ്ദം എന്റെ ചെവിയിൽ ഇപ്പോഴുംമുഴങ്ങുന്നു ;
“പൂച്ചയാണെന്റെ ദുഃഖം !”
എന്റെ മനസ്സിന്റെ ഒരു കോണിൽ നിന്ന് മറ്റൊരു ആവർത്തനം ;
“ബാലനാണെന്റെ ദുഃഖം ….!!!”
.